ദുബൈ: യാത്രക്കാരെ കൊള്ളയടിക്കുന്നതില്‍ കരിപ്പൂര്‍ സര്‍വ റെക്കാര്‍ഡുകളും തകര്‍ക്കുകയാണ്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന ഗള്‍ഫ് യാത്രക്കാരാണ് കരിപ്പൂരില്‍ അധികവും കൊള്ള ചെയ്യപ്പെടുന്നത്. ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്നതാണ് എയര്‍ ഇന്ത്യയുടെ അനുഭവ കഥ. എയര്‍പോര്‍ട്ടിലെ കൊള്ള ദുബൈയിലോ, ജിസിസി രാഷ്ട്രങ്ങളിലോ ഉള്ള വിമാനത്താവളങ്ങളില്‍ നടക്കാന്‍ സാധ്യത തീരെയില്ല.
പത്തോളം യാത്രക്കാരുടെ ബാഗുകള്‍ ‘എയര്‍പോര്‍ട്ട് മോഷണ മാഫിയ’ കുത്തിത്തുറന്നിട്ടുണ്ട്. കേവലം ഏഴ് ദിവസത്തെ ലീവിന് നാട്ടില്‍ എത്തിയ വടകര സ്വദേശി മുഹമ്മദ് ജിയാസുദ്ദീന്റെ ബാഗിന്റെ പൂട്ട് മുറിച്ചാണ് സംസംങ് എ5 ഫോണും മറ്റു സാധനങ്ങളും മോഷ്ടിച്ചത്.
തുടര്‍ന്ന്, മറ്റു യാത്രക്കാരും ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. 2 പവന്‍ വരുന്ന സ്വര്‍ണാഭരണം, വാച്ച്, മോബൈല്‍ തുടങ്ങിയ വില പിടിപ്പുള്ള സാധനങ്ങളാണ് ജിയാസുദ്ദീനോടൊപ്പമുള്ള യാത്രക്കാരന്റെ ബാഗില്‍ നിന്നും അപ്രത്യക്ഷമായത്. മറ്റൊരു ബാഗില്‍ നിന്നും 1,000 ദിര്‍ഹമും ഫോണും ഇലക്‌ട്രോണിക് ഉപകരണങ്ങളും കളവു പോയി. ചില യാത്രക്കാരുടെ ബാഗുകള്‍ പൊട്ടിച്ചിട്ടുണ്ട്. പൊട്ടിച്ച ബാഗുകളില്‍ പലതിലും വില പിടിപ്പുള്ള വസ്തുക്കള്‍ ഉണ്ടായിട്ടും കള്ളന്മാര്‍ എടുക്കാതെ വെറുതെ വിട്ട വിചിത്രമായ സംഭവവും ഉണ്ടായി.
ദുബൈയില്‍ നിന്നും ഇന്നലെ രാവിലെ 7.20ന് കരിപ്പൂരില്‍ ഇറങ്ങിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ഐഎക്‌സ് 344 എന്ന വിമാനത്തില്‍ എത്തിയ യാത്രക്കാരെയാണ് പരക്കെ കൊള്ളയടിച്ചത്. താമരശ്ശേരി സ്വദേശിയായ അസീസ് അടക്കം അനേകം യാത്രക്കാരുടെ വില പിടിപ്പുള്ള വസ്തുക്കളാണ് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ നിന്നും കളവ് പോയത്.ഗള്‍ഫില്‍ നിന്നും വിമാനം കയറുമ്പോള്‍ എന്‍ട്രി പോയിന്റില്‍ നിന്നും ഹാന്റ് ബാഗേജുകള്‍ കാബിനില്‍ കയറ്റാന്‍ അനുവദിക്കാതെ കാര്‍ഗോ വിഭാഗത്തിലേക്ക് മാറ്റാറുണ്ട് ചിലപ്പോള്‍. നിശ്ചിത ഭാരത്തിലുമധികമായാലോ, വിമാനങ്ങളിലെ കാബിനുകള്‍ നിറയുമ്പോഴോ ആണ് ഇങ്ങനെ ചെയ്യാറുള്ളത്. യാത്രക്കാരാണെങ്കില്‍ വില പിടിപ്പുള്ള വസ്തുക്കള്‍ ഹാന്റ് ബാഗേജിലാണ് സൂക്ഷിക്കുക.
ഈ വിഷയവുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എയര്‍പോര്‍ട്ട് വിഭാഗങ്ങളുമായി ബന്ധപ്പെടുമ്പോള്‍, അവരെല്ലാം സ്വയം രക്ഷക്ക് ശ്രമിക്കുന്നു. കരിപ്പൂരില്‍ നിന്നും കളവ് നടക്കുന്നില്ല എന്നും പറയുന്നു.
കരിപ്പൂരിലുണ്ടായ അത്യന്തം നിര്‍ഭാഗ്യകരമായ സംഭവത്തില്‍ പ്രതിഷേധിക്കുന്നതായി യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനും ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റിലും അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ വിമാനത്തിന്റെ അടി ഭാഗത്ത് നിന്ന് കാര്‍ഗോ ഇറക്കുന്ന തൊഴിലാളികളില്‍ വിശ്വാസ യോഗ്യമായ നിരീക്ഷണ സംവിധാനം ഏര്‍പ്പാടാക്കണം. യാത്രക്കാരന്റെ ബാഗേജ് കൊള്ളയടിക്കുന്ന സംഭവങ്ങള്‍ ഇന്ത്യക്ക് വലിയ നാണക്കേടാണ്. സുരക്ഷാ ഭീഷണിയുമാണ്. യാത്രക്കാര്‍ക്കും യാത്രക്കാരുടെ ബാഗേജിനും സുരക്ഷ നല്‍കാന്‍ കഴിയാത്ത വിമാന കമ്പനികളുടെ രീതികള്‍ പൊറുക്കാനാവാത്തതാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്നും നീതി ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭ നീക്കങ്ങള്‍ക്ക് മടിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
കരിപ്പൂരിലെ വന്‍ ബാഗേജ് കൊള്ള; പ്രവാസ ലോകത്ത് വന്‍ പ്രതിഷേധം
ജലീല്‍ പട്ടാമ്പി
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെയുണ്ടായ ബാഗേജ് കൊള്ളക്കെതിരെ പ്രവാസ ലോകത്ത് വന്‍ പ്രതിഷേധമുയരുന്നു. കരിപ്പൂരിലെ ബാഗേജ് കവര്‍ച്ച സംബന്ധിച്ച പ്രവാസികളുടെ പ്രതികരണങ്ങളുടെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
ഇന്നലെ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെ യാത്രക്കാരാണ് അക്രമപരമായ കൊള്ളക്കിരയായത്. നിരവധി യാത്രക്കാരുടെ ഹാന്റ് ബാഗേജുകളില്‍ നിന്ന് പണവും സ്വര്‍ണവും ഐഫോണ്‍, വിലപിടിച്ച വാച്ച്, ആഭരണങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയും കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു. ചിലരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും നഷ്ടമായിട്ടുണ്ട്.
ഹാന്റ് ബാഗേജുകള്‍ സാധാരണ വിമാനത്തിനകത്ത് സീറ്റിനു മുകളിലെ ബെര്‍ത്തില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, നിശ്ചിത തൂക്കത്തിലുമധികമുള്ള ഹാന്റ് ബാഗേജുകള്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ടു മുന്‍പ് കയ്യില്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. അവ പ്രത്യേകം ടാഗ് ചെയ്ത് വിമാന ജോലിക്കാര്‍ ബിഗ് ലഗേജിനൊപ്പം മാറ്റുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ കൊണ്ടുപോയ നിരവധി ലഗേജുകളിലാണ് കവര്‍ച്ച നടന്നതെനനാണ് അറിയുന്നത്. കരിപ്പൂരിലെത്തി ഹാന്റ് ലഗേജ് കയ്യില്‍ കിട്ടിയപ്പോഴാണ് കവര്‍ച്ച നടന്നത് ബോധ്യമായത്. ഹാന്റ് ബാഗേജുകള്‍ കീറിയും പൂട്ടുകള്‍ തകര്‍ത്തുമാണ് ഉള്ളിലുള്ള സാധനങ്ങള്‍ മോഷ്ടിച്ചിരിക്കുന്നതെന്ന് കവര്‍ച്ചക്കിരയായവര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. തുടര്‍ന്ന്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചെന്നു കണ്ട് പരാതി പറഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ നോക്കിയ ശേഷം നടപടിയെടുക്കാം എന്നാണ് അറിയിച്ചതത്രെ. ഇപ്പോള്‍ ഇവിടെ വെച്ചു തന്നെ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കൂട്ടാക്കിയില്ലെന്നും സാധാനങ്ങള്‍ നഷ്ടപ്പെട്ടവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഒത്തുകളിക്കുകയാണെന്നും യാത്രക്കാര്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടയാള്‍ തിരികെ എങ്ങനെ പോകുമെന്ന ചോദ്യത്തിന് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മറുപടിയില്ല.
വിമാനത്തിനകത്ത് നിന്ന് ലഗേജുകള്‍ പുറത്തെടുക്കുന്ന സമയത്താവാം കവര്‍ച്ച നടന്നിരിക്കുകയെന്നാണ് അനുമാനം. കാരണം, ലഗേജുകള്‍ കണ്‍വെയര്‍ ബെല്‍റ്റിലേക്ക് അയക്കുന്ന പോയിന്റ് മുതല്‍ സിസിടിവി കാമറകളുണ്ട്. ആ ഭാഗം മുതല്‍ കവര്‍ച്ചക്ക് സാധ്യതയില്ലെന്നും കരുതപ്പെടുന്നു. വിമാനത്തിനകത്ത് നിന്ന് ലഗേജുകള്‍ പുറത്തെടുക്കുന്നവരില്‍ ആരെങ്കിലുമാവാം ബാഗുകള്‍ കുത്തിത്തുറന്ന് സാധാനങ്ങള്‍ മോഷ്ടിച്ചതെന്നും പറയപ്പെടുന്നു.
ലഗേജുകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ടതായിരുന്നു. എന്നാല്‍, ഇന്നലെ നിരവധി പേര്‍ക്കാണ് ഒന്നിച്ച് വന്‍ കവര്‍ച്ചയെ നേരിടേണ്ടി വന്നത്.
ഏതായാലും, സാധനങ്ങള്‍ നഷ്ടപ്പെട്ടവര്‍ നീതി തേടി ശക്തമായ നീക്കങ്ങള്‍ക്ക് തയാറെടുക്കുകയാണെന്നാണ് വിവരം.
എയര്‍പോര്‍ട്ടില്‍ ബാഗേജ് മോഷണം തുടര്‍ക്കഥ; ഇരകളായി അസംഖ്യം പ്രവാസികള്‍
ബാഗേജ് മോഷണവും ബാഗുകള്‍ക്ക് ബ്‌ളേഡ് വെക്കലും വിമാനത്താവളങ്ങളില്‍ പതിവാകുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാകുന്ന പ്രവാസികള്‍ ഏറെയാണ്. മുംബൈ ഉള്‍പ്പെടെയുള്ള വന്‍കിട നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിരവധി സംഭവങ്ങള്‍ അരങ്ങേറുന്നതിന് പുറമെ, കേരളത്തിലും മോഷണങ്ങള്‍ പതിവായി മാറുകയാണ്.
വിമാനത്താവളങ്ങളില്‍ നടക്കുന്ന മോഷണങ്ങള്‍ പലതും വീട്ടില്‍ എത്തിയ ശേഷം മാത്രമാണ് പലരും അറിയുന്നത്. പ്രിയപ്പെട്ടവര്‍ക്കു വേണ്ടി കരുതിയ വസ്തുക്കള്‍ എടുത്തു കൊടുക്കാന്‍ നേരത്താണ് സാധനം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ചുരുങ്ങിയ ദിവസത്തെ അവധിക്ക് പോകുന്നവര്‍ പരാതിപ്പെടാനോ മറ്റുള്ളവരെ അറിയിക്കാനോ പലപ്പോഴും തുനിയാറില്ല. ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവാത്ത വിധത്തില്‍ അതി വിദഗ്ധമായാണ് ബാഗുകളില്‍ നിന്ന് സാധനങ്ങള്‍ വലിക്കുന്നത്. അതുകൊണ്ടു തന്നെ, വിമാനത്താവളത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനു മുന്‍പ് മോഷണവിവരം അധികമാരും അറിയുന്നില്ല.
എന്നാല്‍, ഇന്നലെ കോഴിക്കോട് വിമാനത്താവളത്തില്‍ പലരുടെയും ബാഗുകളില്‍ നടന്ന മോഷണം നിമിഷങ്ങള്‍ക്കകം തന്നെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ള മലയാളികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം നിരവധി തട്ടിപ്പുകളുടെ കഥകള്‍ പുറത്തു വരാന്‍ കാരണമായിട്ടുണ്ട്. വീഡിയോ കണ്ട പലരും തങ്ങള്‍ക്കും യാത്രക്കിടയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് നേരത്തെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം ഇപ്പോള്‍ മറ്റുള്ളവരുമായി പങ്കു വെക്കുകയാണ്.
സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള പല വസ്തുക്കളും ഇതിനു മുന്‍പും പലര്‍ക്കും നഷ്ടപ്പെട്ടിട്ടുണ്ട്. മുന്തിയയിനം വാച്ചുകള്‍, പെര്‍ഫ്യൂമുകള്‍, കൂളിംഗ് ഗ്‌ളാസുകള്‍ എന്നിവയെല്ലാം നിരവധി പേര്‍ക്ക് നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ പു തിയങ്ങാടി സ്വദേശി ഹംസ ഏതാനും മാസങ്ങള്‍ക്കു മുമ്പ് യാത്രക്കിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന വാച്ചും പെര്‍ഫ്യൂമും നഷ്ടപ്പെട്ടിരുന്നതായി പറയുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് സാധനങ്ങള്‍ നഷ്ടപ്പെട്ട കഥകള്‍ പറയാനുണ്ടെന്നാണ് അറിയുന്നത്. യാത്രക്കാര്‍ക്ക് പലപ്പോഴും പൊട്ടിപ്പൊളിഞ്ഞ വിധത്തില്‍ ലഭിക്കുന്ന ബാഗേജുകള്‍ മന:പൂര്‍വം പൊളിക്കുന്നതായിരിക്കാമെന്നാണ് പ്രവാസികള്‍ കരുതുന്നത്.
ബാഗേജ് ഇറക്കാന്‍ വിമാനത്തിനകത്തെ ബാഗേജ് ഡെക്കില്‍ കയറുന്നവരാണ് ഇതിന് പിന്നിലെന്നാണ് അനുമാനിക്കുന്നത്. ഇവര്‍ക്ക് മറ്റുള്ളവര്‍ കാണാതെ ഡെക്കിനകത്ത് കയറി എന്തും ചെയ്യാന്‍ കഴിയും. ബാഗുകള്‍ക്ക് ചെറിയ ദ്വാരങ്ങള്‍ ഉണ്ടാക്കിയും സിബ്, ലോക്ക് എന്നിവ പൊട്ടിച്ചുമാണ് ഇവര്‍ മോഷണം നടത്തുന്നത്. ഇവര്‍ക്ക് മറ്റു പലരുടെയും സഹായം കൂടി ലഭിക്കുന്നുണ്ടെന്നാണ് കരുതുന്നത്. മോഷ്ടിക്കപ്പെടുന്ന വസ്തുക്കള്‍ വിമാനത്താവളത്തിനകത്ത് നിന്നും പുറത്തേക്ക് കടത്തിക്കൊണ്ടു പോകുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടി സഹായം വേണമെന്നതില്‍ സംശയമില്ല. അങ്ങനെയാകുമ്പോള്‍, വിവിധ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ കൂടി സഹായമോ മൗന സമ്മതമോ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന അനുമാനം ശക്തിപ്പെടുകയാണ്.
വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനു ശേഷം ഏറെ പ്രതീക്ഷകളോടെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി വാങ്ങുന്ന വസ്തുക്കള്‍ നഷ്ടപ്പെടുന്നത് ഓരോ പ്രവാസിക്കും സാമ്പത്തിക നഷ്ടത്തിന് പുറമെ കടുത്ത മാനസിക പ്രയാസവും സൃഷ്ടിക്കാറുണ്ട്. യാത്രക്കാര്‍ക്കും അവരുടെ വസ്തുക്കള്‍ക്കും ഏറ്റവും ശക്തമായ സുരക്ഷ ലഭ്യമാകുമെന്ന് കരുതുന്ന വിമാനത്താവളങ്ങളില്‍ ഇത്തരം മോഷണങ്ങള്‍ നടക്കുന്നത് നിസ്സാര കാര്യമായി കാണാനാവില്ല. കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം സംഭവങ്ങളെ ഏറെ ഗൗരവത്തോടെയാണ് നോക്കിക്കാണുക.
അതുകൊണ്ടുതന്നെ, മോഷണത്തിന്റെ ഉറവിടം കണ്ടെത്തുകയും ഇത്തരക്കാരെയും സഹായികളെയും പിടികൂടി അര്‍ഹമായ ശിക്ഷ നല്‍കുകയും ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്യണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ഇതിനകം തന്നെ പല വിദേശികളുടെ മൊബൈല്‍ ഫോണുകളിലും എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേരളത്തിന്റെ വിശിഷ്യാ, കോഴിക്കോടിന്റെ അന്തസ്സിന് കളങ്കം ചാര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ വിമാനത്താവള ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.