കോഴിക്കോട്: ഡി.ജി.സി.എയുടെ അനുമതി കാറ്റില്‍ പറത്തി വിദേശവിമാന കമ്പനികളെ കരിപ്പൂരില്‍ നിന്ന് അകറ്റുന്നതിനു പിന്നില്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥ ലോബിയാണെന്ന് കെ.എം.സി.സി നേതാക്കള്‍. ഇത്തരക്കാരെ സ്ഥലം മാറ്റണമെന്നും വിവിധ കെ.എം.സി.സികളുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റണ്‍വേയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുകയും വിദേശ വിമാനകമ്പനികള്‍ സര്‍വീസിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികളുടെ അപേക്ഷകള്‍ ഡി.ജി.സി.എക്ക് പോലും നല്‍കാതെ പൂഴ്ത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ ഇത്തരം നിഗൂഢമായ നീക്കങ്ങളെ തിരിച്ചറിഞ്ഞു മലബാറിലെ പ്രവാസികളോടൊപ്പം നില്‍ക്കാന്‍ ഭരണാധികാരികളും ജനപ്രതിനിധികളും തയ്യാറാവണം. കെ.എം.സി.സി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മലബാറിലെ ജനപ്രധിനിധികളുമായും കെ.എം.സി.സി കൂട്ടായ്മ ചര്‍ച്ച നടത്തും. മലബാറിന്റെ പൊതു ആവശ്യമെന്ന നിലയില്‍ പ്രവാസികളുടെ ഈ മുന്നേറ്റത്തിന് പൊതുജന പങ്കാളിത്തം അനിവാര്യമാണു മാതൃപ്രസ്ഥാനമായ മുസ്ലിംലീഗുമായി കൂടിയാലോചിച്ചു സമരപരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. നാടിന്റെ വികസന പാതയില്‍ ചാലകശക്തികളായ പ്രവാസികളുടെ കുടുംബങ്ങളെയും മലബാറിലെ പൊതുസമൂഹത്തെയും ഈ പോരാട്ടത്തില്‍ പങ്കാളികളാക്കും. ജൂലൈ ആദ്യവാരത്തില്‍ കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് പ്രവാസികളുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും
സൗദി കെ.എം.സി.സി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി, യു എ ഇ കെഎംസിസി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, സൗദി കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ഖത്തര്‍ കെഎംസിസി പ്രസിഡണ്ട് എസ് എ എം ബഷീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, മസ്‌കറ്റ് കെ എം സി സി പ്രസിഡണ്ട് അഹമ്മദ് റയീസ്, കുവൈറ്റ് കെ എം സി സി പ്രസിഡണ്ട് അബ്ദുറഹ്മാന്‍ കൊണ്ടോട്ടി, ജനറല്‍ സെക്രട്ടറി സിറാജ് മേത്തല്‍, മസ്‌കറ്റ് കെ എം സി സി ജനറല്‍ സെക്രട്ടറി റഹീം മലപ്പുറം ബഹ്‌റൈന്‍ കെ എം സി സി പ്രസിഡണ്ട് എസ് എ എം ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പു വെച്ചു.