X

കരിപ്പൂരില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം, പെട്ടിമുടിയില്‍ ഒരു ലക്ഷവും നഷ്ടപരിഹാരം; ഉത്തരവിറക്കി

തിരുവനന്തപുരം: കരിപ്പൂരിലും പെട്ടിമുടിയിലും ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പെട്ടിമുടി ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഉത്തരവ് വന്നപ്പോള്‍ ഒരു ലക്ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് നല്‍കുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. പ്രകൃതി ദുരന്തമുണ്ടായാല്‍ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നല്‍കാം. പെട്ടിമുടിയില്‍ അഞ്ച് ലക്ഷമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് വിശദീകരിച്ചു.

പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് പണം അനുവദിക്കാന്‍ കഴിയൂ. കരിപ്പൂരിലേത് പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയതെന്നും റവന്യുവകുപ്പ് വ്യക്തമാക്കി. 66 പേരാണ് പെട്ടിമടി ദുരന്തത്തില്‍ മരിച്ചത്.

 

chandrika: