കൊച്ചി: സ്വര്‍ണം കടത്തിയത് കാരാട്ട് റസാഖ് എംഎല്‍എക്കും കാരാട്ട് ഫൈസലിനും വേണ്ടിയാണെന്ന് സന്ദീപ് നായരുടെ ഭാര്യ മൊഴി നല്‍കിയ സാഹചര്യത്തില്‍ കാരാട്ട് റസാഖിനെ തന്നെ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുമെന്ന് റിപ്പോര്‍ട്ട്. കാരാട്ട് ഫൈസലിനെ നേരത്തെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. അദ്ദേഹം നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാരാട്ട് ഫൈസലിനെ വീണ്ടും ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ഭാര്യയാണ് കാരാട്ട് റസാഖിനെതിരെ മൊഴി നല്‍കിയത്. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫെപോസ (കള്ളക്കടത്തു തടയല്‍ നിയമം) ചുമത്താനുള്ള അപേക്ഷയോടൊപ്പം കേന്ദ്ര ധനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നത്.
പിഡി 12002-06-2020 കോഫപോസ എന്ന ഫയല്‍ നമ്പറിലുള്ള രഹസ്യ റിപ്പോര്‍ട്ടിന്റെ അഞ്ചാം പേജിലാണ് പ്രതികളുമായി എംഎല്‍എക്കുള്ള ബന്ധം പരാമര്‍ശിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസ് എംഎല്‍എക്ക് പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്ക് പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു. കെ.ടി ജലീലിന്റെ മാതൃകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ആയുധമാക്കിയാണ് എംഎല്‍എ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കൊടുവള്ളിയില്‍ യുഡിഎഫിനെ തോല്‍പിച്ചതിന് തന്നോട് പകവീട്ടകയാണെന്ന് അദ്ദേഹം ആരോപിച്ചു.