മുംബൈ: പാകിസ്താനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമായി മാറുമെന്നും തങ്ങള്‍ അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നത് എന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിലെ കറാച്ചി സ്വീറ്റ് ഷോപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.
‘ഞങ്ങള്‍ അഖണ്ഡത ഭാരതത്തില്‍ വിശ്വസിക്കുന്നു. ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും എന്നും വിശ്വസിക്കുന്നു’ – എന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രസ്താവന.
ഫഡ്‌നാവിസിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് ശിവസേന പ്രതികരിച്ചത്. പാകിസ്താന്‍ അധിനിവേശിച്ച കശ്മീര്‍ ആദ്യമായി തിരിച്ചു പിടിക്കൂ. എന്നിട്ടാകാം കറാച്ചി എന്ന് സേനാ നേതാവ് സഞ്ജയ് റാവട്ട് പറഞ്ഞു.
നേരത്തെ, മുംബൈയിലെ കറാച്ചി ഷോപ്പിന്റെ ഉടമയോട്, കടയുടെ പേരു മാറ്റാന്‍ ശിവസേനാ നേതാവ് നിതിന്‍ നന്ദ്‌ഗോങ്കര്‍ ആവസ്യപ്പെട്ടിരുന്നു. മറാത്തി ബന്ധമുള്ള ഏതെങ്കിലും പേരിടൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രാദേശിക നേതാവിന്റെ ആവശ്യം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ല എന്ന് റാവുത്ത് വ്യക്തമാക്കി.
അറുപത് വര്‍ഷമായി കറാച്ചി ബേക്കറിയും കറാച്ചി സ്വീറ്റ്‌സും മുംബൈയിലുണ്ട്. അവയ്ക്ക് പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ല. അവയുടെ പേര് മാറ്റാന്‍ ആവശ്യപ്പെടുന്നത് അസംബന്ധമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.