ന്യൂഡല്‍ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസായ കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബില്‍. ഇംപീച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങയ്യ നായിഡു തള്ളുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റനോട്ടീസില്‍ ചിദംബരം ഒപ്പിടാതിരുന്നത് സുപ്രീം കോടതിയില്‍ ചിദംബരത്തിന് തീര്‍ക്കാന്‍ കേസുകള്‍ ഒരുപാടുള്ളതിനാലാണെന്നും അദ്ദേഹത്തോട് ഒപ്പിടാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യസഭാ ചെയര്‍മാന്‍ വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ലെന്നും കബില്‍ സിബില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ദീപക് മിശ്രക്കെതിരായ ഇംപീച്‌മെന്റ് നോട്ടീസ് അദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് ഉപരാഷ്ട്രപതി തള്ളി.
ഇന്ന് മുതല്‍ ദീപക് മിശ്ര വിരമിക്കുന്നത് വരെ ഞാന്‍ കോടതിയില്‍ ഹാജരാവില്ല. അതെന്റെ ജോലിയുടെ അന്തസിന് ചേര്‍ന്നതല്ല. രാജ്യസഭാ ചെയര്‍മാന്‍ വെങയ്യ നായിഡിനുവിന് ഇംപീച്ച്‌മെന്റ് നോട്ടീസ് തീരുമാനമെടുക്കാനാവില്ല. അദ്ദേഹത്തിന് അതിന്റെ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ മാത്രമേ അധികാരമുള്ളൂ. ആവശ്യമായത്രയും അംഗങ്ങളുടെ ഒപ്പുണ്ടെങ്കില്‍ അദ്ദേഹം വിഷയം ജഡ്ജിമാരടങ്ങിയ കമ്മിറ്റിക്ക് വിടണം. അദ്ദഹത്തിനത് തള്ളാന്‍ അധികാരമില്ല. കബില്‍ സിബില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്‌മെന്റ് നോട്ടിസ് നല്‍കിയത്. അതേസമയം നോട്ടീസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുതള്ളി. ദീപക് മിശ്രക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ല എന്നും എം.പിമാര്‍ രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് തള്ളിയത്. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയതിനു ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് എം.പിമാര്‍ പൊതു ചര്‍ച്ച ചെയ്‌തെന്നും ഇതു ചട്ടലംഘനമാണെന്നും വെങ്കയ നായിഡു വ്യക്തമാക്കി. അതേസമയം നടപടിക്കെതിരെ കോടതിയെ സമീപി്ക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. ഇന്നത്തെ സുപ്രീം കോടതി നടപടികള്‍ തുടങ്ങും മുമ്പാണ് ഉപരാഷ്ട്രപതി നോട്ടീസ് തള്ളിയത്
ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ നടപടികള്‍ വേഗത്തിലാക്കിയത്. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി. എന്നീ പാര്‍ട്ടികളാണ് നോട്ടീസില്‍ ഒപ്പുവെച്ചത്.