ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹി പോലിസ് നടപടിയെ അഭിനന്ദിച്ചും, വിദ്വേഷപ്രസംഗം നടത്തിയും ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത്. ഉമര്‍ ഖാലിദ്, താഹിര്‍ ഹുസൈന്‍, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് ആസൂത്രിതമായ കൂട്ടക്കൊല നടത്തിയതെന്നും ഈ തീവ്രവാദികളെയും കൊലയാളികളെയും തൂക്കിലേറ്റുമെന്നും മിശ്ര പറഞ്ഞു. മിശ്ര തന്റെ വീഡിയോയിലൂടെയാണ് വിദ്വേഷപ്രസംഗം നടത്തിയത്.
‘2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ മുംബൈയില്‍ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു. ഉമര്‍ ഖാലിദ്, താഹിര്‍ ഹുസൈന്‍ തുടങ്ങിയ കുറ്റവാളികളെ തൂക്കിലേറ്റും. ആളുകളെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെടുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ദില്ലിയിലെ പൗരന്മാര്‍ നീതിക്കായി കാത്തിരിക്കുന്നു, ‘ മിശ്ര പറഞ്ഞു.
എന്നാല്‍ മിശ്രയുടെ വിദ്വേഷപ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍പ്രതിഷേധമാണ് നടക്കുന്നത്. ഡല്‍ഹി വംശീയാതിക്രമത്തിന് പിന്നില്‍ കപില്‍ മിശ്രയ്ക്ക് പങ്കുണ്ടെന്ന വിവരങ്ങള്‍ മുമ്പ് തന്നെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 23 ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിലെ പ്രതിഷേധക്കാര്‍ക്കെതിരെ കപില്‍ മിശ്ര വിവാദപ്രസംഗം നടത്തിയിരുന്നു.
ഡല്‍ഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഉമര്‍ ഖലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി ഉമര്‍ ഖാലിദ് കലാപം ആസൂത്രണം ചെയ്തുവെന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം.