X

കന്‍വാര്‍യാത്ര വിവാദത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത, ഇടഞ്ഞ് ജെ.ഡി.യു; തീരുമാനത്തില്‍ ഉറച്ച് യോഗി

കന്‍വാര്‍യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ മുസ്ലിം കച്ചവടക്കാരുടെ കടകള്‍ക്ക് മുകളില്‍ അവരുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ജെ.ഡി.യു വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കന്‍വാര്‍ യാത്ര പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പ്രദേശങ്ങളിലൂടെ കാലങ്ങളായി കടന്നുപോകുന്നതാണെന്നും അവിടെ ഇതുവരെ ഒരു വര്‍ഗീയ സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കരുതെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.

‘കന്‍വാര്‍ യാത്ര വര്‍ഷങ്ങളായി അവിടെ നടക്കുന്നതാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും സ്റ്റാളുകള്‍ സ്ഥാപിച്ച് തീര്‍ഥാടകരെ സ്വാഗതം ചെയ്യാറാണ് പതിവ്. മുസ്ലിം കരകൗശല തൊഴിലാളികളും കന്‍വാര്‍ യാത്രയുടെ ഭാഗമായിട്ടുണ്ട്. കന്‍വാര്‍ യാത്രയില്‍ ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ നിര്‍മിക്കുന്നത് മുസ്ലിം സമുദായത്തില്‍പ്പെട്ട കരകൗശല തൊഴിലാളികള്‍ കൂടി ചേര്‍ന്നാണ്. ഇത്തരം ഉത്തരവുകള്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ മാത്രമേ ഉതകൂ. ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം. അത് പിന്‍വലിക്കണം,’ ത്യാഗി പറഞ്ഞു.

‘സാമൂഹിക വിരുദ്ധര്‍ കടകള്‍ നടത്തുന്നുണ്ടോ എന്ന് പൊലീസ് അന്വേഷിക്കണം. എന്നാല്‍ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ല. ഇത് സമൂഹത്തില്‍ ഭിന്നത വര്‍ദ്ധിപ്പിക്കും. അത്തരം നിര്‍ദേശങ്ങള്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉതകൂ. അത് പാടില്ല. ഉത്തരവ് പിന്‍വലിക്കണം,’ ജെ.ഡി.യു നേതാവ് പറഞ്ഞു.

മുസാഫര്‍നഗര്‍ പൊലീസിന്റെ ഉത്തരവ് ഇന്ത്യയുടെ സംസ്‌കാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നവര്‍ ആരില്‍ നിന്ന് എന്ത് വാങ്ങണമെന്ന് കൂടി തീരുമാനിക്കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ആര്‍.എസ്.എസ് ലക്ഷ്യം വെക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ആരാണ് ഹിന്ദു, ആരാണ് മുസ്ലിം എന്ന് കണ്ടെത്താനും മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌ക്കരിക്കാനുമാണ് ഈ നീക്കം ലക്ഷ്യംവെക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര പറഞ്ഞു. മാംസം കയറ്റുമതി ചെയ്യുന്ന പല കമ്പനികളുടെയും ഉടമകള്‍ ഹിന്ദുക്കളല്ലേയെന്നും പവന്‍ ഖേര ചോദിച്ചു. ‘ഒരു ഹിന്ദു മാംസം കയറ്റുമതി ചെയ്യുമ്പോള്‍ അത് മാംസമായി തുടരുന്നു. എന്നാല്‍ അല്‍ത്താഫോ റഷീദോ മാമ്പഴം-പേരക്ക എന്നിവ വില്‍ക്കുമ്പോള്‍ അത് മാംസം ആണെന്ന് പറഞ്ഞ് ആക്രമിക്കുന്നു. ഇവര്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുസഫര്‍നഗര്‍ പൊലീസ് ഉത്തരവ് ‘സാമൂഹിക കുറ്റകൃത്യം’ ആണെന്നും കോടതികള്‍ സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടണമെന്നും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. അതേസമയം ജെ.ഡി.യുവിന്റെ വിമര്‍ശനത്തിനിടെയും ഉത്തരവ് നടപ്പിലാക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പി പൊലീസ് പിന്‍വലിച്ച ഉത്തരവ് വീണ്ടും നടപ്പില്‍ വരുത്തിയിരിക്കുകയാണ് യോഗി.

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളും അവയുടെ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഇന്ന് രാവിലെ യോഗിയുടെ ഓഫീസ് വീണ്ടും ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് മുസാഫര്‍നഗര്‍ പൊലീസ് സമാനമായ ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് യോഗിയുടെ ഉത്തരവ്. പുതിയ നിര്‍ദേശം അനുസരിച്ച്, ഓരോ ഭക്ഷണശാലയും അല്ലെങ്കില്‍ വണ്ടി ഉടമയും ഒരു ബോര്‍ഡില്‍ ഉടമയുടെ പേര് വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്.

webdesk13: