പാക് ഏജന്റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കാണ്‍പൂരിലെ ആയുധ ഫാക്ടറി മാനേജര്‍ പിടിയില്‍

പാക് ഏജന്റെന്ന് സംശയിക്കുന്നയാള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജൂനിയര്‍ വര്‍ക്ക്‌സ് മാനേജറെ അറസ്റ്റ് ചെയ്തു. ജൂനിയര്‍ വര്‍ക്ക്‌സ് മാനേജര്‍ കുമാര്‍ വികാസിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു. ഇവര്‍ പാകിസ്താന്‍ ഏജന്റ് ആണെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പണത്തോടുള്ള അത്യാര്‍ത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്ഐക്ക് കൈമാറിയെന്നാണ് ആരോപണം. കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ ഒരു ഏജന്റുമായി പങ്കുവെക്കുന്നതില്‍ കുമാര്‍ വികാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ എടിഎസിന് വിവരം ലഭിച്ചതായി എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് നിലബ്ജ ചൗധരി പറഞ്ഞു. ‘കാണ്‍പൂര്‍ ദേഹത്ത് ജില്ലയിലെ താമസക്കാരനാണ് കുമാര്‍ വികാസ്. നിലവില്‍ കാണ്‍പൂര്‍ നഗറിലെ ബിതൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള നരമൗവിലെ സി -131 ന്യൂ ഹൈവാസിറ്റിയില്‍ താമസിക്കുന്നത്. ഈ ജനുവരിയില്‍ ഫേസ്ബുക്ക് വഴിയാണ് കുമാര്‍ വികാസ് നേഹ ശര്‍മയുമായി ബന്ധപ്പെട്ടത്,” ചൗധരി പറഞ്ഞു.

നേഹ ശര്‍മ വികാസുമായി സോഷ്യല്‍മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നു. കുമാറിന് തന്റെ വാട്ട്‌സാപ്പ് നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. ‘രഹസ്യം കാത്തുസൂക്ഷിക്കാന്‍, കുമാര്‍ വികാസ് ഏജന്റുമായി ആശയവിനിമയം നടത്താന്‍ ലുഡോ ആപ്പ് ഉപയോഗിച്ചു. അത്യാഗ്രഹിയായ കുമാര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ സെന്‍സിറ്റീവ് രേഖകള്‍, ഉപകരണ വിശദാംശങ്ങള്‍, വെടിമരുന്ന് നിര്‍മാണ ഡാറ്റ, ജീവനക്കാരുടെ ഹാജര്‍ ഷീറ്റുകള്‍, മെഷീന്‍ ലേഔട്ടുകള്‍, ഉല്‍പാദനവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകള്‍ എന്നിവ നേഹ ശര്‍മക്ക് നല്‍കി” ചൗധരി പറഞ്ഞു. ചോര്‍ന്ന വിവരങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുമെന്നും ഇത് ദേശീയ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും എടിഎസ് ചൂണ്ടിക്കാട്ടി.

webdesk18:
whatsapp
line