കെ കെ ശൈലജയുടെ ആത്മകഥ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് റദ്ദാക്കാൻ വിസിക്ക് നിർദേശം നൽകണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം റദ്ദാക്കണമെന്നാണ് ആവശ്യം. കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന ആത്മകഥയാണ് ഉള്‍പ്പെടുത്തിയത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാന്‍ ഉള്ളത്.ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍വെച്ച് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
അതേസമയം കണ്ണൂർ സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു.സർവകലാശാലയുടെ സിലബസിൽ തന്റെ പുസ്തകം ഉൾപ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. അതുൾപ്പെടുത്തിയതിനോട് താത്പര്യമില്ല, യോജിക്കുന്നില്ല. ഇതിൽ യാതൊരു പങ്കുമില്ല’, ശൈലജ ടീച്ചർ ഒരു വാർത്താ ചാനൽ പ്രതിനിധിയോട് പറഞ്ഞു.