കണ്ണൂര്‍: കൊലചെയ്യുന്ന പാര്‍ട്ടി തന്നെ പ്രതിപ്പട്ടികയും നല്‍കും. ഈ ലിസ്റ്റ് അനുസരിച്ച് അറസ്റ്റുമുണ്ടാവും. പിന്നീട് തെളിവുകളില്ലാതെ പ്രതികളെ കോടതിവെറുതെ വിടുകയും ചെയ്യും. ഇതായിരുന്നു കണ്ണൂരില്‍ പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടി മോഡല്‍. എന്നാല്‍ ഇടയ്ക്ക് ചെറിയ മാറ്റങ്ങളുണ്ടായെങ്കിലും വീണ്ടും പഴയ രീതി തുടരാനുള്ള ശ്രമത്തിലാണ് സി.പി.എം.
പ്രതികളെ നല്‍കിയും രക്ഷപ്പെടുത്തിയുമുള്ള രീതിക്ക് അടുത്ത കാലത്താണ് ചിലമാറ്റമുണ്ടായത്. വലിയ പണിയില്ലാത്തതിനാല്‍ പൊലീസും ഇതു അംഗീകരിക്കുകയാണ് പതിവ്.
തലശ്ശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസ് അന്വേഷണത്തില്‍ പൊലീസ് പാര്‍ട്ടി ലിസ്റ്റ് പൂര്‍ണ്ണമായി തള്ളി ആഭ്യന്തര വകുപ്പിനെ തന്നെ ഞെട്ടിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശം നല്‍കിയെങ്കിലും പൊലീസ് വഴങ്ങിയില്ല. അതോടെ കേസ് വിവാദമായി. ഭാര്യ മറിയു ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷിക്കുകയായിരുന്നു.
പയ്യോളിയിലെ മനോജ് വധക്കേസില്‍ പാര്‍ട്ടി നല്‍കിയ ലിസ്റ്റു പ്രകാരമായിരുന്നു അറസ്റ്റ്. വിചാരണ തുടങ്ങിയപ്പോള്‍ പ്രതികള്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാണ് പ്രതികളായതെന്നും തുറന്നു പറഞ്ഞതോടെ വിവാദമായി. ഒടുവില്‍ കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ പിടിയിലായി.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി ലിസ്റ്റ് നല്‍കിയെങ്കിലും പൊലീസ് തള്ളുകയായിരുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ പ്രതികള്‍ തന്നെ പിടിയിലാവുകയും ചെയ്തു. ഷുക്കൂര്‍ വധക്കേസിലും കതിരൂര്‍ മനോജ് വധക്കേസിലും പാര്‍ട്ടി പ്രതി പട്ടിക നല്‍കിയെങ്കിലും പൊലീസ് വഴങ്ങിയില്ല. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ പഴയ രീതി ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ഷുഹൈബ് വധക്കേസില്‍ പ്രതിപ്പട്ടിക നല്‍കിയാല്‍ കോടതിയില്‍ ഹാജരാക്കാമെന്ന് നേതൃത്വം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതു അവഗണിക്കുകയായിരുന്നു. നിരവധി കേസുകളില്‍ സി.പി.എമ്മും ബി.ജെ.പിയും ഡമ്മി പ്രതികളെ നല്‍കിയിരുന്നു. എന്നാല്‍ കരുത്തരായ എസ്.പിമാര്‍ ഉള്ളപ്പോഴൊക്കെ ഇതു തടഞ്ഞിരുന്നു.
- 7 years ago
chandrika