X

വിദ്യാര്‍ഥികളെ മറന്ന കണ്ണൂര്‍ വാഴ്‌സിറ്റി

സി.കെ നജാഫ്

(എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി രണ്ടാം പിണറായി സര്‍ക്കാര്‍ നിയമിച്ച ഡോ. ശ്യാം ബി. മേനോന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ വലിയ പ്രാധാന്യത്തോടെ പറയുന്ന കാര്യം കേരളത്തിലെ നാല് ജില്ലകളിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തതയാണ്. കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യാനുപാതികമായി ഇതര ജില്ലകളിലേത് പോലെ കോളജുകള്‍ സ്ഥാപിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍തന്നെ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് അവര്‍ പ്രതിപാദിച്ച ജില്ലകളില്‍ പഠന സൗകര്യം ഒരുക്കുന്നതിനായി പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ? യു.ഡി.എഫ് അധികാരത്തിലെത്തിയ വര്‍ഷങ്ങളില്‍ മാത്രമാണ് ഈ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെട്ടത്. കഴിഞ്ഞകാലങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ ഈ പ്രദേശത്തോട് ചെയ്ത വഞ്ചനാപരമായ അനീതി ബോധ്യമാകും.

വിദ്യാഭ്യസ മേഖലയിലെ അവസര സമത്വവും സീറ്റ് ലഭ്യതയും പരിഹരിക്കേണ്ടത് കാലാനുസൃതമായി ഇടപെട്ടുകൊണ്ടാണ്. ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിരുന്ന 1995 ലാണ് മലബാര്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ ഉത്തര കേരളത്തിലെ വിദ്യാര്‍ഥികളുടെ ഉന്നതപഠന സൗകര്യത്തിനുവേണ്ടി കാലിക്കറ്റ് സര്‍വകലാശാല വിഭജിച്ച് കണ്ണൂരില്‍ സര്‍വകലാശാല സ്ഥാപിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് ശേഷം മലബാറിന്റെ ഉന്നതവിദ്യാഭ്യസ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിപ്ലവകരമായ തീരുമാനമായിരുന്നു കണ്ണൂര്‍ സര്‍വകലാശാലാ സ്ഥാപനം. രണ്ട് സര്‍വകലാശകള്‍ വിരിച്ച തണലില്‍ വളര്‍ന്നത് വിദ്യഭ്യാസപരമായി പിന്നാക്കംനിന്ന മലബാറിലെ ജനതയാണ്. മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടി സ്ഥാപിച്ച കണ്ണൂര്‍ സര്‍വകലാശാല ഇന്ന് പോളിറ്റ് ബ്യൂറോ മുതല്‍ ലോക്കല്‍ കമ്മിറ്റി വരെയുള്ള നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും മരുമക്കള്‍ക്കും അന്യായമായി ജോലി തരപ്പെടുത്താനുള്ള പാര്‍ട്ടി സ്വത്താക്കി മാറ്റിയിരിക്കുകയാണ്. കേരള നിയമസഭാസ്പീക്കര്‍ എന്‍. ഷംസീറിന്റെ ഭാര്യയെ മൂന്നുതവണയാണ് ഇങ്ങനെ വഴിവിട്ട രീതിയില്‍ നിയമിക്കുന്നതിനായി സി.പി.എം നേതാക്കന്മാര്‍ തക്കം നോക്കിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പിയുമായ കെ.കെ രാകേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയത് കേരള ഹൈക്കോടതിയാണ്. യു.ജി.സി നിയമങ്ങള്‍ ലംഘിച്ചാണ് നിയമനം നടന്നതെന്ന വാര്‍ത്ത പുറത്തുവന്നതോടെ തോറ്റുപോയത് സി.പി.എമ്മോ, സര്‍ക്കാരോ, പാര്‍ട്ടി ആപ്പീസുകളോ അല്ല മറിച്ച് ഇന്ത്യക്ക്മുന്നില്‍ അഭിമാനപുരസരം തലയുയര്‍ത്തിനിന്ന കേരളത്തിന്റെ ഉന്നതമായ അക്കാദമിക നിലവാരമാണ്. വൈസ്ചാന്‍സലര്‍മാര്‍ മുതല്‍ സര്‍വകലാശാലകളിലെ ശൗചാലയം വൃത്തിയാക്കുന്നവര്‍ വരെ പാര്‍ട്ടി തീരുമാനിക്കുന്ന മുറക്കാണിന്ന് കേരളത്തില്‍ നിയമിക്കപ്പെടുന്നത്. സംവരണ തത്വങ്ങള്‍ക്ക് പോലും പുല്ലു വിലയാണ്. സംസ്ഥാനത്തെ സി.പി.എമ്മിന്റെ പാര്‍ട്ടി രാജ് സംവിധാനമാണ് വ്യവസ്ഥിതിയെ അന്യായമായി നിയന്ത്രിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാല രൂപീകരണ കാലത്ത് സര്‍വകലാശാലയുടെ ടാഗ് ലൈന്‍ എഴുതിവച്ചത് ‘തമസോമ ജ്യോതിര്‍ഘമായ’ എന്നാണ്. സര്‍വകലാശാലയുടെ ആപ്തവാക്യമായി ഉയര്‍ത്തിയ ഈ സംസ്‌കൃത ശ്ലോകം പറയുന്നതുപോലെ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കല്ല, ഇപ്പോള്‍ വെളിച്ചത്തിലേക്ക് നടന്നടുത്ത ഒരു സമൂഹത്തെ കൂരിരുട്ടിലേക്ക് വീണ്ടും തള്ളിവിടുകയാണ് കേരളത്തിലെ സര്‍ക്കാരും സി.പി.എമ്മും ചെയ്യുന്നത്. എലികരണ്ട പത്തായപ്പുര പോലെയാണ് സര്‍വ്വകലാശാലയുടെ പരീക്ഷഭവന്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതാവുന്നത് നിത്യവാര്‍ത്തകളില്‍ ഒന്നാണ്. ഇതുമൂലം തുടര്‍വിദ്യഭ്യാസമുള്‍പ്പെടെ പ്രതിസന്ധിയിലായ വിദ്യാര്‍ഥികള്‍ അനേകമാണ്. പരീക്ഷ നടത്തിപ്പിലെ അപാകതകള്‍, ചോദ്യപേപ്പറിന്റെ ആവര്‍ത്തനം, ചോദ്യപേപ്പറുകള്‍ വഴിവക്കില്‍നിന്നും കണ്ടെടുക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമായ സമയത്ത് ലഭ്യമാകാത്ത അവസ്ഥ, സിലബസുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാത്തത്, കോളജുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും അപര്യാപ്ത തുടങ്ങി അനേകം പ്രശ്‌നങ്ങളാല്‍ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടുകയാണ്. വടക്കന്‍ കേരളത്തിന്റെ പ്രധാനപ്പെട്ട മൂന്നു ജില്ലകളിലെ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിക്കാനുള്ള യൂണിവേഴ്‌സിറ്റിയായി മുന്നോട്ടുവെച്ച കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുടെ വര്‍ധനവിനനുസരിച്ചുള്ള കോഴ്‌സുകള്‍ നല്‍കാനോ പുതിയ കോളജുകള്‍ക്ക് അനുമതി നല്‍കാനോ ഇതുവരെ തയ്യാറായിട്ടില്ല. ഒരു വര്‍ഷത്തിലധികമായി യൂണിവേഴ്‌സിറ്റിക്ക് അക്കാദമിക് കൗണ്‍സിലോ ബോര്‍ഡ് ഓഫ് സ്റ്റഡീസോ ഇല്ല എന്നത് എത്ര ദയനീയമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ അവരുടെ ശബ്ദമുയര്‍ത്തേണ്ടത് അനിവാര്യമായിക്കുകയാണ്.

Test User: