X

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠനനിലവാരം തകര്‍ച്ചയിലേക്ക്

ദാവൂദ് മുഹമ്മദ്

കണ്ണൂര്‍: നിലവാരമുയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠന നിലവാര തകര്‍ച്ച. അഞ്ചു വര്‍ഷത്തിനിടെ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ വിജയം ശരാശരിക്കും താഴെ. ബി.എസ്‌സി ഇലക്‌ട്രോണിക്‌സിനും ബികോമിനുമാണ് വിജയ ശതമാനം ഇടിഞ്ഞത്. നാക്ക് ഗ്രേഡിങ്ങ് പരിശോധന അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് പഠന നിലവാരം താഴ്ന്നത്.

ബിഎസ്‌സി ഇലക്‌ട്രോണിക്‌സില്‍ കഴിഞ്ഞവര്‍ഷം 13ശതമാനവും ബികോമില്‍ 35.74 ശതമാനവുമാണ് വിജയ ശതമാനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ഇടിവാണ് സംഭവിച്ചത്.
ബിടെക്കിന് 2017ല്‍ 41.43 ആണ് വിജയശതമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിലധികം കുട്ടികളാണ് പരാജയപ്പെട്ടത്. നാക്ക് പരിശോധന നടക്കാനിരിക്കെയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പരീക്ഷാ ഫലം കുറഞ്ഞത്. ഇത് സര്‍വ്വകലാശാല ഗ്രേഡിങ്ങിനെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ഗ്രേഡിങ്ങില്‍ കണ്ണൂര്‍ എംജിക്കും കേരളയ്ക്കും കാലിക്കറ്റിനും പിന്നിലാണ്.

എം.സി.എ കോഴ്‌സില്‍ 2017ല്‍ 52.98 ശതമാനം പേര്‍ മാത്രമാണ് കണ്ണൂര്‍ സര്‍വ്വകലാശലയുടെ കടമ്പ കടന്നത്. അഥവാ പരീക്ഷ എഴുതിയ പകുതിയോളം പേര്‍ പരാജയപ്പെട്ടു. ബിഎസ്‌സിയില്‍ കഴിഞ്ഞ വര്‍ഷം 55.67 ആണ് വിജയ ശതമാനം. എന്നാല്‍ 2012ല്‍ 75.74 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനത്തിലധികം കുറവാണ് സംഭവിച്ചത്. പ്ലസ്ടുവിന് 90 ശതമാനത്തോളം മാര്‍ക്കു ലഭിച്ചവരാണ് ബിഎസ്‌സിക്ക് പ്രവേശനം നേടുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം 128കുട്ടികള്‍ക്ക് മാത്രമാണ് എപ്ലസ് നേടാനായത്.
ബിഎസ്‌സി ഇലക്ട്രോണിക്‌സില്‍ 13.36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിജയിച്ചത്. ഇതില്‍ ഒരു കുട്ടിയെ പോലും വിജയിപ്പിക്കാനാവാത്ത കോളജുകളും ഉണ്ട്. എന്നാല്‍ 2016ല്‍ ഇലക്ട്രോണിക്‌സിലെ വിജയ ശതമാനം 57.44 ആയിരുന്നു.
ബി.എ, ബിബിഎ,ബിബിഎം കോഴ്‌സുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിജയശതമാനം പകുതിയായി കുറഞ്ഞു. ബി.എ കോഴ്‌സില്‍ കഴിഞ്ഞ വര്‍ഷം 3541 പേര്‍ പരീക്ഷ എഴുതിയതില്‍ 1531 പേര്‍ മാത്രമാണ് വിജയിച്ചത്. 2016ലെ 73.26ല്‍ നിന്ന്2017ല്‍ 43.24 ലേക്കാണ് കൂപ്പുകുത്തിയത്.
ബികോമില്‍ കഴിഞ്ഞ വര്‍ഷം 35.74 ആണ് വിജയശതമാനം. 4024 പേര്‍ പരീക്ഷ എഴുതിയതില്‍ 1438 പേര്‍മാത്രമാണ് വിജയിച്ചത്. 2012ലെ 85.59 വിജയ ശതമാനത്തില്‍ നിന്നാണ് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ 35.74 ലേക്ക് ഗ്രാഫ് താഴ്ന്നത്
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ ഗ്രേഡിങ്ങ് നടപ്പാക്കിയതിലെ പാളിച്ചയാണ് വിജയശതമാനം കുറഞ്ഞതെന്നാണ് സര്‍വ്വകലാശാലയുടെ അനൗദ്യോഗിക വിശദീകരണം. 2012നു ശേഷം എല്ലാ വിഷയത്തിലും വിജയ ശതമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. എന്നാല്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. ബി.എ കോഴ്‌സുകളില്‍ 2012ലെ 45.09 ല്‍ നിന്ന് 2017 ല്‍ 45.49 ആയി ഉയര്‍ത്തി. ബികോമിന് 2012ല്‍ 49.09 ആയിരുന്നു വിജയ ശതമാനം.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 45.09 ആയി കുറഞ്ഞിട്ടുണ്ട്.
സ്വാശ്രയ കോളജുകളെ അപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ വിജയ ശതമാനം കൂടുതലാണ്.

chandrika: