X

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്: വിരലടയാളം തിരിച്ചറിഞ്ഞു; പ്രതിയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പശ്ചിമബംഗാള്‍ സ്വദേശിയായ പുഷ്യന്‍ ജിത്ത് എന്നയാളാണ് കസ്റ്റഡിയില്‍ ഉള്ളത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച വിരലടയാളങ്ങളില്‍ നാലെണ്ണം ഇയാളുടേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ തീവപ്പിന് തൊട്ടുമുമ്പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

അതേസമയം ഭീതിപരത്തി വീണ്ടും കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീക്കളി. ഒരുകുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച എലത്തൂര്‍ തീവെപ്പിന്റെ മുറിപ്പാടുണങ്ങും മുമ്പെയാണ് അതേ ട്രെയിനില്‍ വീണ്ടും തീവെപ്പ് നടന്നത്. കണ്ണൂരില്‍ ബി.പി.സിഎല്‍ ഇന്ധന സംഭരണ കേന്ദ്രത്തിന് വിളിപ്പാടകലെ, റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ട ബോഗികള്‍ക്കാണ് തീയിട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ 1.25ഓടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീയിട്ടത്. ജനറല്‍ കോച്ചില്‍ തീ ആളിപ്പടര്‍ന്നതോടെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. മറ്റ് ബോഗികള്‍ ഉടന്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഏറ്റവും പിന്നിലായി വരുന്ന മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന ഏറെ നേരം പ്രയത്നിച്ചാണ് തീയണച്ചത്. എലത്തൂരിലുണ്ടായ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫി നേരത്തെ പിടിയിലായിരുന്നു. ഈ കേസില്‍ എന്‍.ഐ.എ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും തീവെപ്പ് അരങ്ങേറിയത്. ആര്‍.പി.എഫിന്റെയും പൊലീസിന്റെയും ഉന്നത സംഘം കണ്ണൂരിലെത്തി.

വണ്ടിക്കരികിലൂടെ ഒരാള്‍ നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ബംഗാള്‍ സ്വദേശിയും റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാജീവനക്കാരനും തമ്മില്‍ കഴിഞ്ഞദിവസം രാത്രി തര്‍ക്കമുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ പകയാണ് തീയിടുന്നതിലേക്ക് നയിച്ചതെന്നും സംശയിക്കുന്നു. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയെ സുരക്ഷാ ജീവനക്കാരന്‍ തിരിച്ചറിഞ്ഞതായും പറയുന്നു.

webdesk11: