X

കണ്ണൂർ ടൗൺ ഇംപ്രൂവ്മെൻ്റ് പ്രൊജക്റ്റ് സംസ്ഥാന സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

കണ്ണൂർ ടൗൺ ഇമ്പ്രൂവ്മെന്റ് പ്രോജക്റ്റിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സർക്കാർ അപ്പീൽ തള്ളിയത്.

കണ്ണൂർ ടൗൺ ഇമ്പ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി മന്നാ ജംഗ്ഷൻ മുതൽ പുതിയ ബൈപാസ് വരെയുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയുടെ ശുപാർശയും, സർക്കാരിന്റെ അനുമതിയും, അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനവുമാണ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയത്. ചിറക്കൽ, വളപട്ടണം പഞ്ചായത്തുകളിലെ പ്രതിനിധികളെ ഉൾപെടുത്താതെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പരിഗണിക്കാവുന്നതല്ലെന്നും, ആയതിനാൽ അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ അനുമതിയും, വിജ്ഞാപനവും നിലനിൽക്കുന്നതല്ല എന്നുമായിരുന്നു ഹൈകോടതി വിധി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ 15-ാം വകുപ്പിൽ പരാതിക്കാരെ കേൾക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ നിയമത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഭൂമി ഏറ്റെടുക്കൽ നടത്തുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളെ വിദഗ്ദ്ധ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നത്, അതാത് പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യത്തെക്കുറിച്ചു അവർക്ക് അവബോധമുള്ളതുകൊണ്ടാണ്. തൊട്ടടുത്തുള്ള കോർപ്പറേഷനിലെ പ്രതിനിധികളുണ്ട് എന്നുള്ളത് കൊണ്ട് പഞ്ചായത്തിന്റെ പ്രശ്നങ്ങൾ ശരിയായ രീതിയിൽ പരിഗണിക്കപ്പെട്ടു എന്ന് പറയാൻ സാധിക്കില്ല എന്നായിരുന്നു ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചത്. സിംഗിൾ ബെഞ്ചിൻ്റെ ഈ കണ്ടെത്തലുകൾ എല്ലാം തന്നെ ഡിവിഷൻ ബെഞ്ച് ശരിവെച്ചു.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിയിലെ 15-ാം വകുപ്പ് പ്രകാരം പരാതിക്കാരെ കേട്ടു തീരുമാനമെടുക്കുക എന്ന് പറഞ്ഞാൽ, ഏറ്റെടുക്കുന്ന ഭൂമി പദ്ധതിക്ക് അനുയോജ്യമാണോ എന്ന കാര്യത്തിലും, പൊതു താൽപര്യവും നീതീകരിക്കാനാവുന്നതാണ് എന്ന കാര്യത്തിലും, സാമൂഹികാഘാത പഠനം ശരിയായ രീതിയിലാണോ എന്നും നീതിയുക്തമായ പരിഗണന ഉണ്ടാകണമെന്ന് തന്നെയാണ് അർത്ഥമാക്കുന്നത് എന്നും ഡിവിഷൻ ബെഞ്ചിൽ സ്ഥലമുടമകൾക്ക് വേണ്ടി ഹാജരായ അഡ്വ മുഹമ്മദ് ഷാ, അഡ്വ റിനോയ് വിൻസെൻ്റ് എന്നിവർ വാദിച്ചു. വിജ്ഞാപനത്തിന് മേൽ പരാതി നൽകാൻ 60 ദിവസം കൊടുക്കാൻ നിയമം അനുശാസിക്കുമ്പോൾ, ചട്ടങ്ങളിലൂടെയും, വിജ്ഞാപനങ്ങളിലൂടെയും അത് 15 ദിവസമായി വെട്ടി കുറക്കാൻ സർക്കാരിന് കഴിയില്ല. കണ്ണൂർ മന്നാ ജംഗ്ഷൻ മുതൽ പുതിയ ബൈപാസ് വരെയുള്ള സ്ഥലങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും നടത്തിവരുന്ന ചിറക്കൽ അബ്ദുൽ മനാഫ് പി. എം തുടങ്ങി 16 പേർ ആണ് സർക്കാരിനെതിരെ കോടതിയെ സമീപിച്ചത്.

webdesk14: