ഫൈസല്‍ മാടായി
കണ്ണൂര്‍: പാചകത്തിലെ നളന്‍ പഴയിടത്തിന്റെ അടുക്കളയില്‍ പാല്‍ തിളച്ചുമറിഞ്ഞു. പിന്നാലെ കൈക്കാര്‍ സദ്യവട്ടമൊരുക്കി. പ്രതിഭകളുമെത്തിത്തുടങ്ങിയതോടെ കലാപൂരത്തിന് അരങ്ങൊരുങ്ങി. കൗമാരം ചിരിതൂകുന്ന വര്‍ണ്ണോത്സവത്തിന് ഇന്ന് കൊടിയേറ്റം.
രാവിലെ 9.30ന് പ്രധാന നഗരിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് 2.30ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്തുനിന്ന് വര്‍ണാഭമായ ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം നാലിന് പ്രധാന വേദിയായ ‘നിള’യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 57-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
കണ്ണൂരിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യത്തിന് നൃത്ത ചുവടുകളൊരുക്കി 57 സംഗീത അധ്യാപകര്‍ സ്വാഗത ഗാനം ആലപിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തോടെ മത്സരങ്ങള്‍ തുടങ്ങും. ഇതേ സമയം ഒന്‍പത് വേദികളിലും മത്സരങ്ങള്‍ നടക്കും.
ഇന്നലെ ഉച്ചയ്ക്ക് 2.25ഓടെ നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ്ണക്കപ്പ് ജേതാക്കളായ കോഴിക്കോട് ജില്ലാ ടീമിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണം നല്‍കി.
നീരാടി നിള…
ഇന്നലെ രാവിലെ 11.10ന് ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എയാണ് ജവഹര്‍ സ്റ്റേഡിയത്തിലെ പാചകപുരയില്‍ പാല് കാച്ചിയത്. ചടങ്ങിന് എത്തിയവര്‍ക്ക് കല്‍ക്കണ്ടം ചേര്‍ത്ത പഴയിടം സ്‌പെഷല്‍ അരവണയാണ് മധുരമായി നല്‍കിയത്. മേയര്‍ ഇ.പി ലത, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, തുടങ്ങി ജനപ്രതിനിധികളും വിവിധ സബ്കമ്മിറ്റി ഭാരവാഹികളും ചടങ്ങിന് സാക്ഷിയായി.
ഊണ്‍ ഉള്‍പ്പടെയുള്ളവ തയ്യാറാക്കുന്നതിന് ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികള്‍ വെള്ളിയാഴ്ച മുതല്‍ പാചകപുരയില്‍ എത്തിതുടങ്ങിയിരുന്നു. പച്ചക്കറി കൂടാതെ 10 ടണ്ണിലധികം പഞ്ചസാരയും വെല്ലവും 10,000ലധികം നാളികേരവും പാചകപുരയിലെത്തി. അഞ്ച് ഉപജില്ലകളില്‍ നിന്നുള്ള കലവറ വണ്ടി ഇന്ന് എത്തും. വിഭവ ശേഖരണത്തിന് കലവറ വണ്ടികള്‍ പോയിടത്തെല്ലാം ആവേശകരമായ പ്രതികരണമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചത്. ഒരു ദിവസം 25,000 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുക. ഊട്ടുപുരയില്‍ ഒരേസമയം 3000 പേര്‍ക്ക് ഊണ്‍ വിളമ്പാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.