X

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ച
സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവര്‍ നിസാമിന്റെ വാദം. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് ബസ്സില്‍ നടത്തിയ പരിശോധനയില്‍ തകരാറില്ലെന്ന് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്നും പ്രാഥമിക നിഗമനം.

അപകടത്തിന് പിന്നാലെ ബസ്സിന്റെ ബ്രേക്കിന് തകരാര്‍ സംഭവിച്ചുവെന്ന് ആരോപിച്ച് ബസ് ഡ്രൈവര്‍ നിസ്സാമുദ്ദീന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ഒരു പ്രശ്‌നം ബസ്സിനില്ലെന്ന് എം.വി.ഡി.യുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൂടാതെ, അപകടസമയത്ത് നിസാമുദീന്‍ മൊബൈല്‍ ഉപയോഗിച്ചതായും സൂചനയുണ്ട്. ബസ് മറിഞ്ഞ അതേസമയം നിസാമുദീന്റെ വാട്‌സാപ്പില്‍ സ്റ്റാറ്റസ് അപ് ലോഡായിട്ടുണ്ട്.

അതേസമയം, അപകടസമയത്ത് മൊബൈല്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് നിസാമിന്റെ വാദം. സ്‌കൂളില്‍ ഇട്ട സ്റ്റാറ്റസ് നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ ആ സമയത്ത് അപ് ലോഡ് ആയതാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നിസാമുദീന്‍.

ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത്. സംഭവത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിരാത്ത് ഭാഗത്തുനിന്ന് വന്ന ബസ് വളക്കൈ സംസ്ഥാന പാതയിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ടുതവണ മലക്കം മറിഞ്ഞാണ് ബസ് റോഡിലേക്ക് പതിച്ചത്. ഇതിനിടെ ബസില്‍നിന്ന് തെറിച്ചുവീണ നേദ്യ ബസിനടിയില്‍പ്പെടുകയായിരുന്നു.

webdesk18: