X

കണ്ണൂരില്‍ ലീഗ് നേതാക്കളെ വേട്ടയാടി പൊലീസ്

കൊലയാളികള്‍ക്ക് സംരക്ഷണവും നിരപരാധികള്‍ക്ക് ജയിലുമൊരുക്കി ആഭ്യന്തര വകുപ്പ്. കൂത്ത്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും ജില്ലാ കമ്മറ്റി മെമ്പറുമായ ഇ.എ.നാസറിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. മന്‍സൂര്‍ കൊലപാതകത്തില്‍ പങ്കുള്ള സിപിഎം ലോക്കല്‍ കമ്മിറ്റി മെമ്പര്‍ എം.കെ നാസറിനെ മര്‍ദിച്ചെന്നാരോപിച്ചാണ് പോലീസിന്റെ കിരാത നീക്കം. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സി.പി.എം ക്രിമിനലുകളെ സംരക്ഷിക്കുന്ന പോലീസ് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെടുന്നവരെയാണ് ജയിലില്‍ അടയ്ക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട പ്രതി സ്വന്തം വീട്ടിലുണ്ടെന്നറിഞ്ഞ നാട്ടുകാര്‍ അന്വേഷിക്കാന്‍ വേണ്ടി പോയതിനെ അക്രമം നടത്തിയെന്ന രീതിയില്‍ ചിത്രീകരിച്ചാണ് ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് വേട്ടയാടുന്നത്.
സി.പി.എം. സമ്മര്‍ദ്ദത്തിന് വഴങ്ങി പെരിങ്ങത്തൂര്‍, പുല്ലൂക്കര മേഖലയില്‍ പോലീസ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന വേട്ടയുടെ ഒടുവിലത്തെ ഇരയാണ് നാസര്‍ എന്ന് മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. ദീര്‍ഘകാലം പഞ്ചായത്ത് മെമ്പറും പത്ത് വര്‍ഷം പെരിങ്ങളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ഒരു പൊതു പ്രവര്‍ത്തകനോട് ഒരു കൊടുംകുറ്റവാളിയോടെന്ന പോലെയാണ് പോലീസ് പെരുമാറിയത്. നെഞ്ച് വേദനയെതുടര്‍ന്ന് മജിസ്‌ട്രേറ്റ് ചികിത്സ അനുവദിച്ച നാസറിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിട്ടും പോലീസ് പരിശോധിക്കാന്‍ അനുവദിച്ചില്ല. മന്‍സൂറിന്റെ കൊലപാതകികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നും കള്ളക്കേസില്‍ കുടുക്കി മുസ്ലിം ലീഗ് പ്രവര്‍ത്തകരെ വേട്ടയാടുന്ന സി.പി.എം- പോലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ജില്ലയിലുടനീളം സമരം ശക്തിപ്പെടുത്തും. ഇന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ 50 കേന്ദ്രങ്ങളില്‍ യു.ഡി.എഫ്.പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്.

 

web desk 1: