തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് മട്ടന്നൂര്‍ വീരാജ്‌പേട്ട വഴി മൈസൂരിലേക്കുളള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. കേരളത്തിന്റെ ദേശീയപാത വികസനം സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. കണ്ണൂര്‍-മൈസൂര്‍ പാത ദേശീയപാതയായി തത്വത്തില്‍ അംഗീകരിക്കുകയാണെന്നും ബാക്കി നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
കാലവര്‍ഷത്തില്‍ നശിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് കേരളം ആവശ്യപ്പെട്ട 400 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ഇതില്‍ 180 കോടി രൂപ അടിയന്തരമായി അനുവദിക്കുകയും ചെയ്തു. കര്‍ണ്ണാടക അതിര്‍ത്തിയിലെ തലപ്പാടി മുതല്‍ ചെങ്ങള വരെയും ചെങ്ങള മുതല്‍ കാലിക്കടവ് വരെയുമുള്ള റോഡിന് സാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം ഉടനെ ലഭ്യമാക്കും. 1000 കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതിയാണിത്. സെപ്തംബറില്‍ ടെണ്ടര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും 2018 ഏപ്രിലില്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്യും.
28.കി.മീ വരുന്ന കോഴിക്കോട് ബൈപാസ് നാലുവരിയാക്കുന്ന പ്രവൃത്തിക്ക് അടുത്ത മാസം ടെണ്ടര്‍ വിളിക്കും. കാലിക്കടവ് മുതല്‍ മുഴുപ്പിലങ്ങാട് വരെ 64 കീ.മീ പാതയുടെ രൂപരേഖ അടുത്ത ദിവസം അംഗീകരിച്ചിട്ടുണ്ട്.
മഴ കൂടുതലുള്ള കേരളത്തില്‍ കോണ്‍ക്രീറ്റ് റോഡുകളാണ് അഭികാമ്യമെന്ന് ഗഡ്കരി പറഞ്ഞു. ചെലവ് കൂടുമെങ്കിലും കോണ്‍ക്രീറ്റ് റോഡുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. കോണ്‍ക്രീറ്റ് റോഡിലേക്ക് മാറാന്‍ കേരളം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ദേശീയപാതകളുടെ വികസനം സമയബന്ധിതമായി നടപ്പാക്കുമെന്ന് ഗഡ്കരി ഉറപ്പുനല്‍കി. ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തിയാല്‍കേന്ദ്ര സഹായം ലഭിക്കുന്നതിന് തടസമോ കാലതാമസമോ ഉണ്ടാകില്ല. ഒരു പദ്ധതിക്കു വേണ്ട 60 ശതമാനം ഭൂമി ഏറ്റെടുത്തെങ്കിലേ ടെണ്ടര്‍ ക്ഷണിക്കാന്‍ കഴിയൂ. ദേശീയപാതക്കുള്ള സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് തിരുവനന്തപുരത്ത് പ്രത്യേക സെല്‍ ആരംഭിക്കുമെന്നും സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് അതിന്റെ ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പ് വേഗത്തില്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചു. 45 മീറ്ററില്‍തന്നെ ചില മേഖലകളില്‍ ആറുവരി റോഡ് പണിയാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മേല്‍പ്പാത നിര്‍മിക്കുന്ന പ്രവൃത്തി പ്രത്യേകമായി ചെയ്യാമെന്ന് ഉറപ്പു നല്‍കി.