കണ്ണൂര്‍: കൂത്തുപറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് രണ്ടുദിവസത്തിനിപ്പുറം ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ പത്തോടെയാണ് പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചത്. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍ നിലവില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയാണ്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് 4മാസം പിന്നിടുമ്പോള്‍ കണ്ണൂരിലിത് ഏഴാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത്. 48മണിക്കൂറിനുള്ളില്‍ നടന്ന രണ്ട് രാഷ്ട്രീയകൊലപാതകങ്ങളും പിണറായിയുടെ ധര്‍മ്മടം മണ്ഡലത്തിലാണ്.
ബിജെപി പ്രവര്‍ത്തകനായ രമിത്താണ് ഇന്ന് കൊല്ലപ്പെട്ടത്. പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തുവെച്ചാണ് രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തില്‍ ആഴത്തില്‍ വേട്ടേറ്റ രമിത്തിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. രമിത്തിന്റെ പിതാവിനെ 2002ല്‍ സിപിഎം പ്രവര്‍ത്തകര്‍ ബസ് തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയിരുന്നു. തിങ്കഴാഴ്ച്ച രാവിലെ സിപിഎം പ്രവര്‍ത്തകനെ കൂത്തുപറമ്പില്‍ വെട്ടിക്കൊന്നതിന്റെ പ്രതികാരമാണ് രമിത്തിന്റെ കൊലപാതകം. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ സംഘം ഷാപ്പിലേക്ക് കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മോഹനന്റെ കൊലപാതകത്തിന്റെ പ്രതികാരമാണ് രമിത്തിന്റെ കൊലപാതകമെന്നാണ് ആരോപണം ഉയരുന്നത്.