തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയകൊലപാതകത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. കണ്ണൂരിലെ കൊലപാതകങ്ങളില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും തുല്യ പങ്കാളിത്തമുണ്ടെന്ന് കാനം പറഞ്ഞു. കണ്ണൂരില്‍ സ്‌കൂള്‍ കലോല്‍സവത്തിനിടെയുണ്ടായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കാനത്തിന്റെ വിമര്‍ശനം.
സര്‍വ്വകക്ഷിയോഗത്തിലെ ധാരണകള്‍ ഇരുകൂട്ടരും തെറ്റിക്കുകയാണ്. നേരത്തെ സര്‍വ്വകക്ഷിയോഗം ചേര്‍ന്നതിന്റെ പിറ്റേദിവസം കൊല നടന്നിരുന്നു. ധാരണകള്‍ രണ്ടുപേരും തെറ്റിക്കുകയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കരുത്. മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കാനം പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ നിലപാട് ഇടതുമുന്നണിയില്‍ അറിയിക്കുമെന്നും കാനം പറഞ്ഞു.
നേരത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങള്‍ അറിയേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിപരീതമായാണ് കാനത്തിന്റെ പ്രതികരണം. സന്തോഷിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ആറു സി.പി.എം പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്.