എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെ പാര്‍ട്ടിയൊതുങ്ങുന്നു വീണ്ടും കണ്ണൂര്‍ ലോബിയുടെ കരങ്ങളില്‍. നടപ്പാകുന്നത് ഭരണത്തിന് മീതെ പാര്‍ട്ടിയെയും കൈപിടിയിലൊതുക്കിയ പിണറായി തന്ത്രം. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായി എത്തുമ്പോള്‍ കാലങ്ങളായി തുടരുന്ന കണ്ണൂര്‍ ലോബിയുടെ സര്‍വാധിപത്യമാണ് പൂര്‍ണതയിലെത്തുന്നത്. നിലവിലെ പിണറായി മന്ത്രി സഭയിലെ രണ്ടാമനാകും എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറി പദവി ഏല്‍പ്പിച്ചതോടെ ലക്ഷ്യത്തിലെത്തിച്ചത് പാര്‍ട്ടിയില്‍ എല്ലാ അധികാര കേന്ദ്രങ്ങളും തന്നിലേക്ക് മാത്രമായി ചുരുക്കിയ സാക്ഷാല്‍ പിണറായി വിജയന്റെ തന്ത്രം കൂടിയാണ്. വിഎസിനെയും ഒതുക്കി, എതിരെ നിന്നവരെ ഓരോരുത്തരെയായി ഒഴിവാക്കി അനിഷേധ്യ നേതാവായി, രണ്ടാം മന്ത്രിസഭയുടെ മുഖ്യനായും എത്തിനില്‍ക്കുന്നു പിണറായി വിജയന്റെ വളര്‍ച്ച.
തനിക്ക് എതിരാളിയായി ആരുമുണ്ടാകരുതെന്ന കണക്ക് കൂട്ടല്‍ വിജയിക്കുന്നിടത്തേക്കാണ് പാര്‍ട്ടി സെക്രട്ടറിയായി എംവി ഗോവിന്ദന്റെ നിയോഗം. പിണറായി വിജയന് ശേഷം പാര്‍ട്ടി സെക്രട്ടറിയായെത്തിയ കോടിയേരി ബാലകൃഷ്ണന്‍ അസുഖബാധിതനായി വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വിശ്വസ്തനായ ആളിലേക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതലയെത്തുമ്പോള്‍ വിജയിക്കുന്നത് പിണറായി തന്ത്രം തന്നെയാണ്. ഇടക്കാലത്ത് ചികിത്സയുമായി ബന്ധപ്പെട്ട് മാറിനിന്ന കോടിയേരിക്ക് പകരം എ വിജയരാഘവന്‍ താല്‍ക്കാലിക ചുമതലയിലെത്തിയെങ്കിലും ഏറെ വൈകാതെ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
തീര്‍ത്തും അനാരോഗ്യകരമായ അവസ്ഥയിലാണ് കോടിയേരിക്ക് പകരം എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തുന്നത്. പിണറായി വിജയന്‍ എത്തിയ അതേപാതയിലാണ് പാര്‍ട്ടി സെക്രട്ടറിയായി എംവി ഗോവിന്ദന്റെ വരവും. നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ചടയന്‍ ഗോവിന്ദന് പകരക്കാരനായാണ് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായത്. സിപിഎമ്മില്‍ പ്രായോഗികതയുടെയും സൈദ്ധാന്തികതയുടെയും മുഖമാണ് എംവി ഗോവിന്ദന്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പി ജയരാജന്‍ സ്തുതിപാടക വിവാദവുമായി ബന്ധപ്പെട്ട വിഭാഗീയതയും കടന്നതാണ് പാര്‍ട്ടിയെ നയിക്കാന്‍ എംവി ഗോവിന്ദനെത്തുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും ശേഷം സെക്രട്ടറി സ്ഥാനത്തിരുന്നയാളാണ് മൊറാഴ സ്വദേശിയായ എംവി ഗോവിന്ദന്‍. ഭാര്യ പികെ ശ്യാമളയും പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. ശ്യാമള ആന്തൂര്‍ നഗരസഭാ അധ്യക്ഷയായ വേളയില്‍ പ്രവാസി വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബിക്കുള്ളിലെ വിഭാഗീയതയും അണികള്‍ക്കിടയിലെ അസ്വാരസ്യങ്ങളും മറികടന്നാണ് പിണറായിയുടെ വിശ്വസ്തനായ എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലെത്തുന്നത്. മുഖ്യമന്ത്രിക്ക് പിന്നാലെ പാര്‍ട്ടി സെക്രട്ടറിയും ഇടത് മുന്നണി കണ്‍വീനറും ജില്ലയില്‍ നിന്നുള്ളവരാകുമ്പോള്‍ പാര്‍ട്ടിയിലും ഭരണതലത്തിലും പിടിമുറുക്കുന്ന കണ്ണൂര്‍ ലോബിയുടെ സമ്പൂര്‍ണ ആധിപത്യത്തിനാണ് വഴിമാറുന്നത്.