കൊച്ചി: കണ്ണൂര്‍ – കുറ്റിപ്പുറം ദേശീയ പാതയില്‍ ഒരു മദ്യശാല പോലും തുറക്കരുതെന്ന് ഹൈക്കോടതി. കുറ്റിപ്പുറം – കണ്ണൂര്‍ പാതയുടെ പദവി സംബന്ധിച്ച് വ്യക്തത ഇല്ലാത്ത സാഹചര്യത്തില്‍ പാതയോരത്ത് ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥരെ എങ്ങനെ കുറ്റക്കാരായി കാണാനാവുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
ദേശീയ പാത സംബന്ധിച്ച് പൊതുമരാമത്ത് എക്‌സൈസ് വകുപ്പുകളുടെ വിശദീകരണത്തില്‍ പൊരുത്തക്കേട് ഉണ്ടായെന്നും കോടതി വിലയിരുത്തി. കുറ്റിപ്പുറം – കണ്ണൂര്‍ പാത സംസ്ഥാന പാതയോ പ്രധാന ജില്ലാ പാതയോ അല്ലെന്ന് പി.ഡബ്ല്യു.ഡി നേരത്തെ സാക്ഷ്യപത്രം നല്‍കിയിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം – കണ്ണൂര്‍ പാത ദേശീയ പാതയാണെന്ന് പറയുന്നില്ലെന്ന് എക്‌സൈസും സാക്ഷ്യപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. പാതകള്‍ ദേശീയപാത തന്നെയാണെന്ന് പി. ഡബ്ല്യു.ഡി പിന്നീട് വിശദീകരിച്ചു. കോടതിയെ വിമര്‍ശിക്കുന്നവര്‍ ഉത്തരവ് വായിച്ചിട്ടാകണം വിമര്‍ശിക്കേണ്ടതെന്നും മാധ്യമങ്ങളിലൂടെ വിമര്‍ശനം നടത്തരുതെന്നും കോടതി പറഞ്ഞു.
പാതകളുടെ പദവി സംബന്ധിച്ച് ദേശീയ പാത അതോറിറ്റിയുടെ ഓരോ വിജ്ഞാപനവും പ്രത്യേകം പ്രത്യേകം പരിശോധിച്ചുവേണം ലൈസന്‍സ് അനുവദിക്കാനെന്ന് മുന്‍ ഉത്തരവില്‍ കോടതി നിര്‍ദ്ദേശിച്ചതാണെന്നും കോടതി ഓര്‍മ്മപ്പെടുത്തി
കണ്ണൂര്‍-കുറ്റിപ്പുറം – ചേര്‍ത്തല ദേശീയപാതയാണോയെന്ന് സംശയമില്ലെന്ന് പി.ഡബ്ല്യു.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ് മൂലം കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ചോദിച്ചപ്പോള്‍ ദേശീയ പാതയാണെന്ന വിവരം പി.ഡബ്ല്യു.ഡി മറച്ചുവെച്ചുവെന്നും കോടതി വ്യക്തമാക്കി. അതുമൂലം, സുപ്രീം കോടതി വിധി ലംഘിച്ചുകൊണ്ട് 13 ബാറുകള്‍ പാതയോരങ്ങളില്‍ തുറക്കുകയുണ്ടായി. ഇത് മന:പൂര്‍വ്വമാകാം, അതല്ലാതെയുമാകാം. ഇത് സംബന്ധിച്ച് കൂടുതല്‍ പറഞ്ഞാല്‍ ഇതില്‍ ഇടപെട്ട ഉദ്യോഗസ്ഥന്മാരുടെ സര്‍വീസിനെ ബാധിക്കുമെന്നുള്ളതുകൊണ്ട് പറയുന്നില്ല.
ചേര്‍ത്തല-കണ്ണൂര്‍-കുറ്റിപ്പുറം ദേശീയ പാതയോരത്ത് കേസ് നടത്തിയവരോ, അല്ലാത്തവരോ ആയ ഒരാള്‍ക്കും മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
മുസ്‌ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.പി ഇബ്രാഹിം കുട്ടി, അഡ്വ. മുഹമ്മദ് ഷാ മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. ഹര്‍ജി കോടതി തീര്‍പ്പാക്കി.