കണ്ണൂര്‍: കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന് മുന്നില്‍ ബോംബേറ്. കെഎ പ്രത്യുഷിന്റെ വീടിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്‍പതോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡിലായിരുന്നു ബോംബെറിഞ്ഞത്.
സ്ഫോടന ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുന്നതിനിടയില്‍ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. സ്ഫോടനമുണ്ടായ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
അതേസമയം, തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നന്ദനെയാണ് തൃശൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം നടന്നിരുന്നത്.
നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദനെ പൊലീസ് പിടികൂടിയത്. ബസില്‍ കയറി രക്ഷപെടാനായിരുന്നു ശ്രമം. സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്ഐആറില്‍ പറഞ്ഞിരുന്നു.