ന്യൂഡല്‍ഹി: മെട്രോ നഗരത്തിലല്ലാത്തതിനാല്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കൂടുതല്‍ വിദേശ വിമാനങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വ്യേമയാന സഹമന്ത്രി റിട്ടയേഡ് ജനറല്‍ വി.കെ സിങ്ങ് ജോണ്‍ ബ്രിട്ടാസ് എം.പിയെ അറിയിച്ചു. വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന് അറിയിച്ചത്.
നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് ഓഫ് കോള്‍ പദവി ഉണ്ടെന്നും കണ്ണൂരിന് കൂടി നല്‍കില്ലെന്നുമാണ് ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം നിഷേധാത്മകമായ നിലപാട് തുടരുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ബ്രിട്ടാസ് പ്രതികരിച്ചു.