കണ്ണൂര്‍: ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാന കമ്പനികള്‍ സര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവ സര്‍വീസ് നടത്തും. കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസ് വിമാനക്കമ്പനി പ്രതിനിധികളുമായി കണ്ണൂരില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്.
ഗള്‍ഫ് മേഖലയിലേക്കായിരിക്കും ആദ്യം സര്‍വീസ് നടത്തുക. ആധുനിക ഓട്ടോമാറ്റിക് ബാഗേജ് സംവിധാനം രാജ്യത്ത് ആദ്യമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ കമ്പനികള്‍ക്കു പുറമെ വിദേശകമ്പനികളായ ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍, ഗള്‍ഫ് എയര്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന ഇന്നലെ പൂര്‍ത്തിയാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സിഐഎസ്എഫ് സംഘത്തെയും നിയോഗിച്ചു. ഈ മാസം 17ന് അവര്‍ ഔപചാരികമായി ജോലി ആരംഭിക്കും.