X
    Categories: keralaNews

കണ്ണൂര്‍ സര്‍വാധിപത്യം

CPIM FLAG

തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇതോടെ മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി, ഇടത് മുന്നണി കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ക്ക് പിറകെ മറ്റൊരു പ്രധാന പദവിയും കണ്ണൂരില്‍ നിന്ന് തന്നെയായി.

സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറി പദവി ഒഴിഞ്ഞ പുത്തലത്ത് ദിനേശന്‍ ദേശാിമാനി പത്രാധിപരാകും. തോമസ് ഐസക്ക് ചിന്ത പത്രാധിപരാവും. എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ്. രാമചന്ദ്രന്‍ പിള്ളക്കാണ്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കൈരളി ടിവിയുടെ ചുമതല. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന 1996- 2001 കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചയാളാണ് പി. ശശി. അന്ന് പാര്‍ട്ടിയിലെ ശക്തനായിരുന്നു ശശി. നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളെടുത്തിരുന്നത് ഇദ്ദേഹമായിരുന്നു. ഏഴു കൊല്ലം പാര്‍ട്ടിക്കു പുറത്തുനിന്ന ശശി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വരുമെന്ന് നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയുണ്ടായിരുന്നു.

എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വീണ്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് എടുത്തത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ശശിക്കെതിരെ സദാചാരലംഘന ആരോപണമുണ്ടായത്. 2011ല്‍ പരാതിക്കൊടുവില്‍ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതോടെയാണ് പി. ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായത്.

Chandrika Web: