കണ്ണൂര്‍: എല്‍ഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ ഇ.പി ലതയ്‌ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തതോടെയാണ് നാല് വര്‍ഷം നീണ്ടു നിന്ന ഇടതുഭരണത്തിന് അന്ത്യമായത്. 55 അംഗ കൗണ്‍സിലില്‍ 28 പേരുടെ പിന്തുണയിലാണ് അവിശ്വാസം പാസായത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ ടിപി സുഭാഷിന്റെ അധ്യക്ഷതയില്‍ പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ചത്. ചട്ടപ്രകാരമുള്ള നാലുമണിക്കൂര്‍ ചര്‍ച്ച പൂര്‍ത്തിയായതോടെ ഒരു മണിക്ക് രഹസ്യവോട്ടെടുപ്പ് ആരംഭിക്കുകയും രണ്ടുമണിയോടെ ഫലം പ്രഖ്യാപിക്കുകയുമായിരുന്നു. 55അംഗങ്ങളില്‍ 54പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എടക്കാട് ഡിവിഷനിലെ ഇടത് പക്ഷ അംഗം കുട്ടികൃഷ്ണന്‍ രണ്ടാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിച്ച ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെ ആനയിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.
ഇതിനിടെ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരുമെന്ന് എല്‍ഡിഎഫ് അറിയിച്ചു. രാഗേഷിന്റെ നിലപാട് വിശ്വാസ വഞ്ചനയാണെന്ന് അയോഗ്യയായ മേയര്‍ ഇപി ലത പ്രതികരിച്ചു. അവസാന നിമിഷം വരെ ഇരുപക്ഷവും പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പ്രത്യേക യോഗം ആരംഭിക്കുന്നതിനു തൊട്ട് മുമ്പ് അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഡപ്യൂട്ടി മേയര്‍ പ്രഖ്യാപിച്ചതോടെയാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ നഷ്ടമായത്.
ശനിയാഴ്ച പുലര്‍ച്ചെ മുന്നുമണിയോടെ തന്നെ യുഡിഎഫ് അംഗങ്ങള്‍ കോര്‍പ്പറേഷനിലെത്തിയിരുന്നു. ജനാധിപത്യ അട്ടിമറിയുടെ സാധ്യത മുന്നില്‍ കണ്ടായിരുന്നു ഇത്. അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. കൗണ്‍സില്‍ ഹാളിലേക്ക് മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ചു.
- 5 years ago
chandrika