കണ്ണൂര്‍: റഷ്യന്‍ ലോകകപ്പില്‍ ജര്‍മനി പുറത്തായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥാപിച്ച ജര്‍മനിയുടെ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് ആരാധകരോട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അഭ്യര്‍ത്ഥന. കലക്ടര്‍ കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയാന്‍ ആവശ്യപ്പെട്ടത്. അതേസമയം കലക്ടറുടെ പോസ്റ്റ് ജര്‍മന്‍ ആരാധകരെ ട്രോളുകയാണെന്നാണ് പലരുടേയും അഭിപ്രായം. പത്തു മണിക്കൂര്‍ മുമ്പ് പങ്കുവെച്ച പോസ്റ്റിന് ഇതിനോടകം തന്നെ രണ്ടായിരത്തിലേറെ ലൈക്കും അഞ്ഞൂറിലധികം ഷെയറും നൂറിലേറെ കമന്റും ലഭിച്ചു.
‘കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വച്ച എല്ലാ ഫ്‌ളക്‌സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’, കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദക്ഷിണ കൊറിയയോട് തോറ്റ് ജര്‍മനി ലോകകപ്പില്‍ നിന്നും പുറത്തായി എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശവത്തില്‍ കുത്തരുതെന്നും കലക്ടറെ നിങ്ങളും ഞങ്ങളെ ട്രോളുകയാണോ തുടങ്ങി രസകരമായ പല കമന്റും കലക്ടറിന്റെ പോസ്റ്റിനു താഴെയായി ജര്‍മന്‍ ആരാധകരും വന്നതോടെ സംഭവം വൈറലായി.
അതേസമയം, തങ്ങള്‍ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാമെന്നും രാഷ്ട്രീയ പാര്‍ട്ടികളോട് അവരുടെ ഫ്‌ളക്‌സുകള്‍ മാറ്റാന്‍ ആവശ്യപ്പെടാന്‍ കലക്ടറിന് സാധിക്കുമോയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ മറ്റു ടീമുകള്‍ പുറത്തായാലും ഇത്തരം പോസ്റ്റ് നല്‍കണമെന്നാണ് ചിലരുടെ ആവശ്യം. ഏതായാലും കലക്ടറുടെ പോസ്റ്റ്
വൈറലായികൊണ്ടിരിക്കുകയാണിപ്പോള്‍.
ദക്ഷിണകൊറിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റ് നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ കിം യങ് ഗോണും (90+2), സണ്‍ ഹ്യൂങ് മിനുമാണ്(90+6) ജര്‍മന്‍ വല കുലുക്കിയത്. എണ്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഗ്രൂപ്പ് ഘട്ടം കടക്കാതെ ജര്‍മനി ഒരു ലോകകപ്പില്‍ നിന്നും പുറത്താവുന്നത്.