X

ലോഡ് കയറ്റാന്‍ കണ്ണൂര്‍ കളക്ടറും; വീഡിയോ

ഫൈസല്‍ മാടായി

സ്ഥലം: കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയം
സമയം: രാത്രി ഒന്‍പത് മണി,

കലക്ടര്‍ ഇവിടെ തിരക്കിലാണ്….സന്നദ്ധ സേവകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി മാറി നില്‍ക്കാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ലോഡ് ചെയ്യാന്‍ സഹായിക്കുകയാണ് കലക്ടറും. സാധനങ്ങള്‍ ഓരോന്നായി വാങ്ങി അടുക്കി വെക്കാനും ലോറിയില്‍ കയറ്റാനും കര്‍മ്മ നിരതനായ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ പ്രവര്‍ത്തനം തന്നെയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും ശ്രദ്ധ നേടുന്നത്.

വിനോദ സഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥന്റെ വീഡിയോയും കുറിപ്പും സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. നൂറോളം വളന്റിയര്‍മാര്‍ക്കൊപ്പം തരംതിരിച്ച് പാക്ക് ചെയ്ത് വച്ച ഭക്ഷണസാധന കിറ്റുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്ന ലോറികളില്‍ ലോഡ് ചെയ്യുന്ന തിരക്കിലാണ് കലക്ടറും.
വളന്റിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി മാറി നില്‍ക്കാതെ അവരോടൊപ്പം കലക്ടര്‍ ജോലി ചെയ്യുകയാണ് നേരവും കാലവും നോക്കാതെ. കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജില്‍ ഇട്ട കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സുമനസുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന സാധനങ്ങളാണ് കലക്ടറേറ്റില്‍ കുന്നുകൂടുകായാണ് ഓരോ ദിവസവും. ജില്ലയിലെ ക്യാമ്പുകള്‍ക്ക് വേണ്ടി മാത്രമുള്ള ഭക്ഷണസാധനങ്ങളല്ല ഇവിടെ എത്തുന്നത്. കണ്ണൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി തീര്‍ത്ത് കഴിഞ്ഞു.

മറ്റ് ജില്ലകളിലെ കലക്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് അത്യാവശ്യം വേണ്ട സാധനങ്ങളാണ് ശേഖരിച്ച്, തരംതിരിച്ച് പാക്കറ്റുകളാക്കി ലോറിയില്‍ കയറ്റുന്ന തിരക്കാണിപ്പോള്‍. രാപ്പകലില്ലാതെ കലക്ടറേറ്റിലേക്ക് എത്തുന്ന സംഭാവനകള്‍ സ്വീകരിക്കുകയും മറ്റ് നേതൃപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ കൂടെയാണ് മനുഷ്യാധ്വാനം ആവശ്യമായ ജോലികള്‍ കൂടി കലക്ടര്‍ നിര്‍വ്വഹിക്കുന്നത്. വേറിട്ട കാഴ്ചയും വലിയ മാതൃകയുമാണ് കലക്ടര്‍ പകര്‍ന്ന് നല്‍കുന്നത്.

watch video:

chandrika: