കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാരും വാര്‍ഡന്മാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് തടവുകാര്‍ക്കും രണ്ട് വാര്‍ഡന്മാര്‍ക്കും പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് സംഭവം. സന്ധ്യയോടെ തടവുകാരെ തിരിച്ച് സെല്ലിലേക്ക് കയറ്റുന്നതിനിടെ മുഹമ്മദ്ഷാഫി, രാഹുല്‍ എന്നീ ശിക്ഷാ തടവുകാര്‍ സെല്ലില്‍ കയറാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ഡന്മാരായ ചന്ദ്രശേഖരന്‍, രമേശന്‍ എന്നിവര്‍ ഇവരെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ആക്രമിച്ചു. പരിക്കേറ്റ് വാര്‍ഡന്മാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ആസ്പത്രി വിട്ടു. ഇതേ തുടര്‍ന്ന് ഒരു സംഘം തടവുകാര്‍ ശിക്ഷാ തടവുകാരായ മുഹമ്മദ് ഷാഫിയെയും രാഹുലിനെയും ആക്രമിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആദ്യം ജില്ലാ ആസ്പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
വാര്‍ഡന്മാരുമായി സംഘര്‍ഷമുണ്ടാക്കിയ ശിക്ഷാ തടവുകാര്‍ സ്ഥിരമായി ജയിലില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പതിവാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. വാര്‍ഡന്മാരെ ആക്രമിച്ച തടവുകാരെ മറ്റുതടവുകാര്‍ മര്‍ദ്ദിച്ച സംഭവവും ചര്‍ച്ചയായിട്ടുണ്ട്. തങ്ങളെ സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി മര്‍ദ്ദനമേറ്റ തടവുകാര്‍ മൊഴിനല്‍കിയിട്ടുണ്ട്. ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് തടവുകാര്‍ ആവശ്യപ്പെട്ടതോടെയാണ് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയത്.