X

അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്

അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് തൊപ്പി എന്ന യൂട്യൂബ് വ്‌ളോഗര്‍ക്കെതിരെ കണ്ണൂരിലും കേസ്. കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. ഐടി ആക്ട് 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടി.പി അരുണിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

നിലവില്‍ നിഹാദ് വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. തൊപ്പിയെ കണ്ണപുരം പൊലീസിനെ കൈമാറും. വളാഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് സ്‌റ്റേഷന്‍ ജാമ്യം നല്‍കിയാണ് കൈമാറുക. കണ്ണൂര്‍ കണ്ണപുരം പൊലീസ് വളാഞ്ചേരിയിലെത്തിയാണ് കൊണ്ട് പോവുക. വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേസിലാണ് നിഹാദ് പൊലീസ് പിടിയിലായത്.

വാതില്‍ പൊളിച്ച് പൊലീസ് അകത്തു കടക്കുന്നതും ഈ ദൃശ്യങ്ങളില്‍ ഉണ്ട്. ഒരു മണിക്കൂറോളം വാതിലിന് പുറത്തുനിന്ന പൊലീസ് ഉള്ളത് അറിഞ്ഞിട്ടും ഇയാള്‍ വാതില്‍ തുറന്നില്ല. ഇത് ലാപ്‌ടോപ്പില്‍ ഉള്ള തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള ശ്രമം ആയിട്ടാണ് പൊലീസ് കാണുന്നത്. തുടര്‍ന്നാണ് വാതില്‍ പൊളിച്ചതെന്നാണ് പൊലീസ് വിശദീകരണം.

വളാഞ്ചേരി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോഗ്രാമുണ്ട് ഒരാഴ്ച കഴിഞ്ഞെ ഹാജരാകാനാകൂ എന്നാണ് നിഹാദ് മറുപടി നല്‍കിയത് എന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് എറണാകുളത്ത് പോയി പെട്ടെന്ന് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

webdesk13: