X

കണ്ണൂര്‍ വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുള്ള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ഘാടന തിയ്യതി നിശ്ചയിച്ചത്.

2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. നിലവില്‍ 3,050 മീറ്റര്‍ റണ്‍വേ ആണുള്ളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചു.

യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്ര മീറ്ററാണ്. 1.05 ലക്ഷം ചതുരശ്ര അടിയുള്ള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.

24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും നിലവിലുണ്ട്. 32 ഇമിഗ്രേഷന്‍ കൗണ്ടറുകളും നാല് ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമുണ്ട്.

വാഹനപാര്‍ക്കിങിന് വിശാലമായ സ്ഥലസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 20 വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്നതാണ്. 700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകളും ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുള്ള ഹോട്ടലും ഒരുക്കിയിട്ടുണ്ട്.

chandrika: