കണ്ണൂര്‍ വിമാനത്താവളത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. ഉദ്ഘാടനവേദിയിലെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മറുപടി നല്‍കി. കണ്ണൂര്‍ വിമാനത്താവളത്തിനായി യു.ഡി.എഫ് ചെയ്തതില്‍ കൂടുതലൊന്നും എല്‍ഡിഎഫ് ചെയ്തിട്ടില്ലന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തിയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇത്രയും വൈകാന്‍ കാരണം ഇടതുസര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ പാപഭാരം മറയ്ക്കാനാണ് യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയെ വിളിക്കാത്തതില്‍ ചടങ്ങില്‍ പ്രതിഷേധവും അരങ്ങേറി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നേരത്തെ നടക്കേണ്ടിയിരുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിര്‍മാണപ്രവൃത്തികള്‍ വൈകിപ്പിച്ചത് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന്റെ നിലപാട് മൂലമാണ്. യു.ഡി.എഫ് ഭരണകാലത്ത് റണ്‍വേ പൂര്‍ത്തിയാക്കുകയും വിമാനമിറക്കുകയും ചെയ്തിരുന്നു. ടെര്‍മിനലിന്റെ നിര്‍മാണം 80 ശതമാനവും പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തിലെ ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു.
ഇടതുമുന്നണി യു.ഡി.എഫിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണിക്ക് അവകാശപ്പെടാന്‍ വികസന നേട്ടങ്ങളൊന്നുമില്ലന്നും അദ്ദേഹം കോഴിക്കോട്ട് ആരോപിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രനാണ് കണ്ണൂരില്‍ വിമാനത്താവളം വേണമെന്ന് ചൂണ്ടിക്കാട്ടി ആദ്യം കത്ത് നല്‍കിയതെന്ന് മുന്‍ കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം വ്യക്തമാക്കി. വിമാനത്താവള ഉല്‍ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉല്‍ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. വിവാദങ്ങളെ കുറിച്ച് ആദ്യം അറിഞ്ഞിരുന്നെങ്കില്‍ മധ്യസ്ഥതക്ക് ശ്രമിച്ചേനെ. ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിക്കേണ്ടതായിരുന്നുവെന്നും സി.എം ഇബ്രാഹിം പറഞ്ഞു.