കണ്ണൂര്‍: മൂര്‍ഖന്‍ പറമ്പില്‍ നിന്ന് ആകാശ വേഗത്തിന്റെ സഞ്ചാര സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ അധികം കാത്തിരിക്കേണ്ട. വലിയ വിമാനം 738 – 800 എയര്‍ എക്‌സ്പ്രസ് റണ്‍വെ തൊട്ടു. ഇന്ന് രാവിലെ 11.26നാണ് തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന ആദ്യ യാത്രാ വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്. വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി നല്‍കുന്നതിന് മുന്നോടിയായാണ് വലിയ യാത്രാ വിമാനം പരീക്ഷണ പറക്കല്‍ കൂടി പൂര്‍ത്തിയാക്കി റണ്‍വെയിലിറങ്ങിയത്. എയര്‍ എക്‌സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിംഗ് 738-800 വിമാനമാണ് കണ്ണൂരില്‍ പറന്നിറങ്ങിയത്.
ആദ്യ ലാന്റിംഗിന് ശേഷം പറന്നുയര്‍ന്ന വിമാനം ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം (ഐഎല്‍എസ്) സജ്ജമാക്കിയ 25, 07 എന്നീ രണ്ടു റണ്‍വേകളിലും മൂന്ന് തവണ ലാന്‍ഡിംഗ് നടത്തി. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്ന തയാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചായിരുന്നു ലാന്‍ഡിംഗ്.
എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായത്തോടെ പരീക്ഷണ പറക്കല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. കര്‍ണാടക സ്വദേശി കമാന്‍ഡര്‍ ക്യാപ്റ്റന്‍ എ.എസ് റാവുവാണ് വിമാനം പറത്തിയത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉദ്യോഗസ്ഥനും എയര്‍ഇന്ത്യ എക്‌സ്പ്രസ് – 2 എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാരും വിമാനത്തിലുണ്ടായിരുന്നു.