തിരുവനന്തപുരം: ലോക കേരളസഭയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ പ്രതിഷേധം. പതിവു പോലെ തന്റെ മഹത്വങ്ങള്‍ അക്കമിട്ടുനിരത്തിയ കണ്ണന്താനം പ്രവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും മിണ്ടിയില്ല. ഇതില്‍ പ്രതിഷേധിച്ച് ബഹ്‌റിന്‍ കെ.എം.സി.സി പ്രതിനിധി എസ്.വി ജലീലും ബഹ്‌റിനിലെ ‘പ്രതിഭ’ സംഘടനയുടെ പ്രതിനിധി സുബൈര്‍ കണ്ണൂരും സദസ്സില്‍ നിന്നിറങ്ങിപ്പോയി.
മോദി സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ട് തുടങ്ങല്‍ പദ്ധതിയും കക്കൂസ് നിര്‍മാണവും എം. എല്‍.എ ആയിരുന്നപ്പോഴും കലക്ടര്‍ ആയിരുന്നപ്പോഴുമുള്ള തന്റെ പ്രവര്‍ത്തന ശൈലിയുമൊക്കെയായിരുന്നു കണ്ണന്താനത്തിന്റെ പ്രസംഗത്തില്‍ നിറഞ്ഞു നിന്നത്.
മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന് ദഹിക്കാത്ത ചില പരാമര്‍ശങ്ങളും കണ്ണന്താനത്തില്‍ നിന്നുണ്ടായി. കേരളസഭയെ കുറിച്ച് നേരത്തെ അറിഞ്ഞില്ലെന്നും അതുകൊണ്ടാണ് ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതെന്നും കണ്ണന്താനം പറഞ്ഞു.
എന്നാല്‍ വളരെ നേരത്തെ തന്നെ കണ്ണന്താനത്തിന് ക്ഷണക്കത്ത് അയച്ചതും അതിന് അദ്ദേഹം അയച്ച മറുപടി ഫയലില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.