X

പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസ് രാജിവെച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനിറങ്ങിയ യുവഐഎഎസുകാരന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചു. രാജിക്കത്ത് നല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.

കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ ആരെന്ന് വെളിപ്പെടുത്താതെ ചാക്ക് ചുമന്നും മറ്റും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത കണ്ണന്‍ ഗോപിനാഥിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങള്‍ സ്വതന്ത്ര്യമായി ആവിഷ്‌ക്കരിക്കാന്‍ സാധിക്കാത്തതിനാലാണ് കണ്ണന്‍ രാജിവെക്കുന്നതെന്നാണ് വിവരം. രാജിക്കത്ത് നല്‍കിയെന്നുള്ളത് കണ്ണന്‍ ഗോപിനാഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ജോലിയില്‍നിന്നു ലീവെടുത്താണ് കഴിഞ്ഞ വര്‍ഷം കലക്ടര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.

chandrika: