ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്. കര്‍ഷകരുടെ പ്രതിഷേധത്തിനു വഴങ്ങി പിന്‍വലിച്ച നടപടിയില്‍ സങ്കടമുണ്ടെന്നും നാണക്കേടായിപ്പോയെന്നും കങ്കണ ഇന്‍സ്റ്റഗ്രമില്‍ സ്‌റ്റോറിയിട്ടു.
‘നിയമം പിന്‍വലിച്ചത് തികച്ചും അന്യായമായിപ്പോയി. സങ്കടവും നാണക്കേടുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു പകരം തെരുവിലെ ജനങ്ങള്‍ നിയമം ഉണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതൊരു ജിഹാദി രാജ്യമായി മാറും. പിന്‍വലിക്കണം എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി’- കങ്കണ ഇന്‍സ്റ്റഗ്രം സ്റ്റോറിയില്‍ കുറിച്ചു.
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഗുരുനാനാക് ദിനത്തിലാണ് പ്രധനമന്ത്രിയുടെ പ്രഖ്യാപനം. പിന്നാലെ കര്‍ഷകരുടെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചും നന്ദി അറിയിച്ചും പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.
അതേസമയം വിവാദ നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിശ്വാസമില്ല. നിയമം പാര്‍ലമെന്റില്‍ റദ്ദാക്കുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.
അതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്ന ആക്ഷേപവും ശക്തമാണ്.