മുംബൈ: രാജ്യദ്രോഹക്കേസില്‍ താന്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത്. കങ്കണക്കും സഹോദരി രംഗോലിക്കും സമന്‍സയച്ച് മുംബൈ പോലീസ്. ഈ മാസം 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
‘സവര്‍ക്കറേയും നേതാ ബോസിനേയും ഝാന്‍സി റാണിയേയും ഞാന്‍ ആരാധിക്കുന്നു. ഇന്ന് സര്‍ക്കാര്‍ എന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് എന്റെ തിരഞ്ഞെടുപ്പുകളില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുകയാണ് ചെയ്യുന്നത്. ഞാന്‍ ജയിലില്‍ പോകാന്‍ കാത്തിരിക്കുന്നു, ഞാന്‍ ആരാധിക്കുന്നവരുടെ അതേ ദുരിതങ്ങളിലൂടെ കടന്നുപോകുക, അത് എന്റെ ജീവിതത്തിന് ഒരു അര്‍ത്ഥം നല്‍കും, ജയ് ഹിന്ദ്.’ കങ്കണ പറഞ്ഞു. നടന്‍ ആമിര്‍ഖാനെ ടാഗുചെയ്തു കൊണ്ടാണ് കങ്കണയുടെ പ്രതികരണം. ബോളിവുഡില്‍ നേരത്തെ അസഹിഷ്ണുതയില്‍ പ്രതികരിച്ച നടനാണ് ആമിര്‍ഖാന്‍. എന്നാല്‍ കങ്കണയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൗനം പാലിച്ചതിനായിരിക്കണം കങ്കണ ടാഗ് ചെയ്തതെന്നാണ് സൂചന.
റാണി ലക്ഷ്മി ഭായിയുടെ കോട്ടതകര്‍ന്ന പോലെ തന്റെ വീടും തകര്‍ന്നു. സവര്‍ക്കറെ ജയിലിലടച്ചപോലെ എന്നെയും ജയിലിലടക്കാന്‍ ശ്രമിക്കുന്നു അവര്‍. അസഹിഷ്ണുതാസംഘങ്ങള്‍ അസഹിഷ്ണുത അനുഭവിക്കുന്നവരുടെ വേദനയെക്കുറിച്ച് ചോദിച്ചു നോക്കണമെന്നും കങ്കണ പറഞ്ഞു. ഇതാണ് ആമിര്‍ഖാനെ പരാമര്‍ശിച്ച് നടത്തിയിട്ടുള്ളത്. നേരത്തെ, രാജ്യത്ത് അസഹിഷ്ണുത ഉണ്ടെന്ന് ആമിര്‍ഖാന്‍ പ്രതികരിച്ചിരുന്നു.
കങ്കണ സോഷ്യല്‍മീഡിയയില്‍ വിദ്വേഷം നിറക്കുന്ന പോസ്റ്റ് പങ്കുവെച്ചതിനെതിരെ മുംബൈയിലെ അഭിഭാഷകനായ അലി ഖാസിഫ് ദേശ്മുഖ് പരാതി നല്‍കിയിട്ടുണ്ട്.
ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കങ്കണക്കും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശം.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ നടി കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ നേരത്തെ കൊമ്പുകോര്‍ത്തിരുന്നു. മുംബൈയിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍, കങ്കണയെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധം നടത്തുന്നത് ബിജെപിയാണ് എന്നാണ് ശിവസേനയുടെ ആരോപണം.