മുംബൈ: ബോളിവുഡ് നടി ഊര്‍മിള മാതോണ്ട്കറെ അധിക്ഷേപിച്ച് കങ്കണ റണാവത്ത് രംഗത്ത്. ഊര്‍മിള മാതോണ്ട്കറെ സോഫ്റ്റ് പോണ്‍ താരം എന്ന് അധിക്ഷേപിക്കുകയായിരുന്നു കങ്കണ. മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരില്‍ ബോളിവുഡിനെ ഒന്നടങ്കം ആക്ഷേപിച്ചതിനെ ചോദ്യം ചെയ്തതിനാണ് ഊര്‍മിളയെ അവഹേളിച്ചത്. തുടര്‍ന്ന് പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനെതിരേയും താരം പരാമര്‍ശിക്കുകയായിരുന്നു.
സണ്ണി ലിയോണിനെപ്പോലുള്ളവര്‍ റോള്‍ മോഡലാകരുതെന്ന് പറഞ്ഞതിന് ലിബറല്‍ സംഘങ്ങള്‍ ഒരിക്കല്‍ ഒരു പ്രശസ്ത എഴുത്തുകാരനെ നിശബ്ദരാക്കി. സണ്ണി ലിയോണിനെ ഒരു താരമായി സിനിമാമേഖല അംഗീകരിച്ചതോടെ വ്യാജ ഫെമിനിസ്റ്റുകള്‍ അവരെ അപമാനമാണെന്ന് തള്ളിപ്പറയുകയാണ് ചെയ്തതെന്നും കങ്കണ റാണൗത്ത് പറയുന്നു. സണ്ണി ലിയോണിനെക്കുറിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷി നടത്തിയ പരാമര്‍ശത്തെയാണ് കങ്കണ സൂചിപ്പിച്ചത്. സണ്ണി ലിയോണ്‍ ഒരിക്കലും ഒരു മാതൃകയല്ലെന്ന് പ്രസൂണ്‍ ജോഷി പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.
ബോളിവുഡ് അഭിനേതാക്കള്‍ സീരിയല്‍ ഡ്രഗ് യൂസേഴ്‌സ് ആണെന്ന് കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ അത് ആരൊക്കെയാണെന്ന് കങ്കണ വെളിപ്പെടുത്തണമെന്നും പേരുകള്‍ പറയുകയാണെങ്കില്‍ കങ്കണയ്ക്ക് ആദ്യം കയ്യടിക്കുക താനായിരിക്കും എന്നും ഊര്‍മിള ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പണവും പ്രശസ്തിയുമെല്ലാം ലഭിച്ചതിന്് മുംബൈയ്ക്കും സിനിമ രംഗത്തിനും നന്ദി പറയുകയാണ് വേണ്ടത്. എന്തുകൊണ്ടാണ് മുന്‍ വര്‍ഷങ്ങളിലൊന്നും പറയാതെ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ മാത്രം ഇതെല്ലാം തുറന്നു പറയുന്നതെന്നും ഊര്‍മിള ചോദിച്ചു. ബിജെപി സീറ്റ് ലക്ഷ്യംവച്ചാണ് കങ്കണയുടെ തുറന്നു പറച്ചില്‍ എന്നാണ് താരം വ്യക്തമാക്കിയത്.
ഇതില്‍ പ്രകോപിതയായാണ് കങ്കണ ഊര്‍മിളയെ ആക്ഷേപിച്ചത്. ‘ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് ഇതെല്ലാം എന്നു പറഞ്ഞ് എന്റെ കഷ്ടപ്പാടുകളെ കളിയാക്കുകയും ആക്രമിക്കുകയുമാണ് ഊര്‍മിള ചെയ്തത്. എനിക്ക് സീറ്റ് ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഊര്‍മിള ഒരു സോഫ്റ്റ് പോണ്‍ താരമാണ്. അഭിനയത്തിന്റെ പേരില്‍ അല്ല അവര്‍ അറിയപ്പെട്ടത് എന്ന് ഉറപ്പാണ്. എന്തിന്റെ പേരിലാണ് അവര്‍ പ്രശസ്തയായത്? സോഫ്റ്റ് പോണ്‍ ചെയ്യുന്നതുകൊണ്ട്. അങ്ങനെയുള്ള അവര്‍ക്ക് ടിക്കറ്റ് കിട്ടിയെങ്കില്‍ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ?’കങ്കണ പറഞ്ഞു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന ഊര്‍മിള മാതോണ്ട്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ പിന്നീട് താരം കോണ്‍ഗ്രസ് വിട്ടു. കങ്കണയുടെ അധിക്ഷേപം പുറത്തുവന്നതിന് പിന്നാലെ ഊര്‍മിളയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. ഊര്‍മിളയുടെ മികച്ച പ്രകടനങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ടാണ് സ്വര ഭാസ്‌കര്‍ കുറിപ്പിട്ടത്. സംവിധായകന്‍ അനുഭവ് സിന്‍ഹയും ഊര്‍മിളയ്ക്ക് പിന്തുണയുമായി എത്തുകയായിരുന്നു.