X
    Categories: CultureMoreViews

വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

പട്‌ന: ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. ബീഹാറിലെ ബെഗുസുരായി മണ്ഡലത്തില്‍ നിന്നാണ് കനയ്യ കുമാര്‍ ജനവിധി തേടുക. ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും കനയ്യ കുമാറിനെ പിന്തുണക്കും. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യദാവ് അധ്യക്ഷത വഹിക്കുന്ന ‘മഹാഗത്ബന്ധന്‍’ ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ബെഗുസുരായി മണ്ഡലം ഏറെക്കാലമായി ആര്‍.ജെ.ഡിയുടെ സിറ്റിങ് സീറ്റായിരുന്നു. കനയ്യക്ക് സീറ്റ് വിട്ടുനല്‍കുന്ന കാര്യം അവതരിപ്പിച്ചത് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തന്നെയായിരുന്നു. മറ്റ് കക്ഷികളും ഇതിനോട് യോജിക്കുകയായിരുന്നു. 2014ല്‍ ബി.ജെ.പിയുടെ ഭോലാ സിങ് 58,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് വിജയിച്ചത്.

2016ല്‍ ഫെബ്രുവരില്‍ ജെ.എന്‍.യുവില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി എന്നാരോപിച്ച് കനയ്യ കുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹം ദേശീയ ശ്രദ്ധയിലേക്ക് വന്നത്. തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ജെ.എന്‍.യു അടക്കമുള്ള ക്യാമ്പസുകളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ഉയര്‍ന്നത്. വിദ്യാര്‍ഥികളുടേത് എന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിയുകയും കേസ് തള്ളിപ്പോവുകയുമായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: