X
    Categories: indiaNews

മുംബൈ, പാക് അധിനിവേശ കശ്മീരെന്ന് കങ്കണ’; ഐ ലൗവ് യു മുബൈ ട്രന്റാക്കി ബോളിവുഡ്

മുംബൈ: ബോളിവുഡ് താരങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പുതിയ വിവാദവുമായി നടി കങ്കണ റണൗത്ത്. ബോളിവുഡിനെതിരെയും മുംബൈ സര്‍ക്കാരിനെതിരെയും നിരവധി ആരോപണങ്ങളാണ് നടി കങ്കണ റണൗത്ത് നടത്തുന്നത്. ഇത്തവണ മുംബൈ പൊലീസിനെതിരെയാണ് കങ്കണ ആഞ്ഞടിച്ചത്. മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിരിക്കുന്നുവെന്നാണ് കങ്കണയുടെ വിവാദ പ്രസ്താവന.

മുംബൈ പൊലീസിനെതിരെയുള്ള തന്റെ ആരോപണത്തോട് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചതോടെയാണ് കങ്കണ മുബൈക്കെതിരെ രൂക്ഷമായ ഭാഷ ഉപയോഗിച്ചത്.

തനിക്ക് നേരേയുള്ള അധിക്ഷേപങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും തക്കതായ നടപടിയെടുക്കാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ലെന്ന് കങ്കണ ആരോപിച്ചിരുന്നു. തുടര്‍ന്ന് ബോളിവുഡ് മാഫിയയെക്കാള്‍ മുംബൈ പൊലീസിനെ തനിക്ക് ഭയമാണെന്നും കങ്കണ പറഞ്ഞു. ഇതോടെയാണ് മുബൈ വികാരം താരത്തിനു നേരെ ഉയര്‍ന്നത്.

ഇതിനിടെ, കങ്കണയുടെ പരാമര്‍ശത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് വരേണ്ടന്നായിരുന്നു ശിവസേന നേതാവിന്റെ പ്രതികരണം. മുംബൈ പൊലീസിനെ അപമാനിക്കുന്ന തരത്തില്‍ ആരോപണമുയര്‍ത്തിയ നടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സഞ്ജയ് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. ഇതോടെ വിവാദത്തെ കൂടുതല്‍ കുഴപ്പത്തിലാക്കി കങ്കണ രംഗത്തെത്തുകയായിരുന്നു.

‘മുംബൈയിലേക്ക് കാലു കുത്തരുതെന്ന് പരസ്യമായി എന്നെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ശിവസേന നേതാവായ സഞ്ജയ് റാവത്ത്. എന്തുകൊണ്ടാണ് മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ ആയി മാറുന്നത്?, കങ്കണ ട്വീറ്റ് ചെയ്തു. ഇതോടെ പ്രശ്‌നം ബോളിവുഡിലും ചര്‍ച്ചയാവുകയായിരുന്നു.

സഞ്ജയ് റാവത്തിനുള്ള മറുപടിയാണെങ്കിലും മുബൈക്ക് കൂടി എതിരായ കങ്കണയുടെ ആ ട്വീറ്റ് വളരെ പെട്ടെന്നാണ് ബോളിവുഡ് ഏറ്റെടുത്തത്. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയ്ക്ക് മറുപടിയുമായി നിരവധി താരങ്ങങ്ങളാണ് അണിനിരന്നത്.

അടുത്തിടെ നടി തന്റെ പി.ആര്‍ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ട് നേരിട്ട് ഉപയോഗിക്കാനും തുടങ്ങിയിരുന്നു. ട്വിറ്ററിലൂടെ നിരവധി പേര്‍ക്കെതിരെയാണ് കങ്കണ ഇതുവരെ ആരോപണം നടത്തിയത്. ഇപ്പോഴിതാ തന്റെ വിമര്‍ശകരെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുകയാണ് താരം.

chandrika: