മുംബൈ: ഫഌറ്റ് പൊളിക്കലിനെതിരെ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി നടത്തുന്ന നിയമ പോരാട്ടത്തില്‍ നടി കങ്കണ റനൗട്ടിനു തിരിച്ചടി. ഖാര്‍ മേഖലയിലുള്ള മൂന്നു ഫഌറ്റുകള്‍ ഒരുമിച്ച് ചേര്‍ത്തതിലൂടെ കങ്കണ കടുത്ത നിയമലംഘനമാണു നടത്തിയിരിക്കുന്നതെന്നു സിവില്‍ കോടതി ഉത്തരവിട്ടു. അധികൃതര്‍ അനുമതി നല്‍കിയിരുന്ന പ്ലാന്‍ പൂര്‍ണമായി ലംഘിക്കപ്പെട്ടുവെന്നു കോടതി വ്യക്തമാക്കി. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റുന്നതില്‍നിന്ന് ബിഎംസിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടു കങ്കണ നല്‍കിയ ഹര്‍ജി കോടതി തള്ളി.
ഖാര്‍ മേഖലയിലെ 16 നില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ മൂന്ന് ഫഌറ്റുകളാണ് കങ്കണയ്ക്ക് ഉള്ളത്. ഇതു മൂന്നും കൂട്ടിച്ചേര്‍ത്ത് ഒന്നാക്കുകയായിരുന്നു. ഇതോടെ അനുമതി നല്‍കിയിരുന്ന പ്ലാന്‍ പൂര്‍ണമായി ലംഘിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണു നടത്തിയിരിക്കുന്നതെന്ന് ജഡ്ജി എല്‍.എസ് ചവാന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ഖാര്‍ ഫഌറ്റിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ 2018ലാണ് ബിഎംസി കങ്കണയ്ക്ക് നോട്ടിസ് നല്‍കിയത്. കെട്ടിടം പഴയ പടിയായി നിലനിര്‍ത്തിയില്ലെങ്കില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുമെന്നും നോട്ടിസില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെതിരെയാണു കങ്കണ കോടതിയില്‍ എത്തിയത്. തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിട്ട കോടതി വിശദമായ വാദം കേട്ട ശേഷം ഡിസംബര്‍ 23ന് കങ്കണയുടെ ഹര്‍ജി തള്ളുകയായിരുന്നു.