മുംബൈ: വിവാദങ്ങള്‍ കത്തിപ്പടരവേ കങ്കണ റനൗട്ട് മുംബൈയിലെ വീട്ടിലെത്തി. വിമാനത്താവളത്തില്‍ നിന്നു കങ്കണയെ കനത്ത സുരക്ഷയിലാണ് പാലി ഹില്‍സിലെ വീട്ടിലെത്തിയത്. വന്‍പ്രതിഷേധവുമായി ശിവസേന വിമാനത്താവളത്തിനകത്തും പുറത്തും നിലയുറപ്പിച്ചിരുന്നു. ഇതിനിടെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ രംഗത്തെത്തി.
വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് ഉദ്ധവിനോട് കങ്കണ ചോദിച്ചു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ധവിന്റെ അഹങ്കാരം തകരുമെന്നും കങ്കണ പറഞ്ഞു.കങ്കണയുടെ ഓഫിസ് പൊളിക്കുന്നത് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. നാളെ വൈകിട്ട് മൂന്നുമണിക്ക് ഹര്‍ജി വീണ്ടും പരിഗണിക്കും. നടി കങ്കണ റനൗട്ടും ശിവസേനയും തമ്മിലുള്ള പോരിനെത്തുടര്‍ന്ന്, കങ്കണയുടെ മുംബൈ പാലി ഹില്‍സ് ഓഫിസ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചു. ശുചിമുറി ഓഫിസ് മുറിയാക്കിയതടക്കം അനധികൃത നിര്‍മാണം ആരോപിച്ചായിരുന്നു കോര്‍പറേഷന്റെ നടപടി. മുംബൈ നഗരത്തെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയുടെ ട്വീറ്റായിരുന്നു വിവാദത്തിന്റെ തുടക്കം.