X

കണ്ടലബാങ്ക് തട്ടിപ്പ്; കമ്പ്യൂട്ടറില്‍ രേഖകള്‍ കാണാനില്ല

കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ ഇടപാടുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ഡിലീറ്റ് ചെയ്തതായി കണ്ടെത്തല്‍. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേതാണ് നിര്‍ണായക കണ്ടെത്തല്‍. സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശം പാലിക്കാതെയായിരുന്നു കണ്ടല ബാങ്കിലെ കമ്പ്യൂട്ടര്‍വല്‍കരണം.

ബാങ്കിന്റെ ഓരോ വര്‍ഷത്തെയും ലാഭ നഷ്ടക്കണക്ക് കമ്പ്യൂട്ടറില്‍ ഇല്ല. ബാങ്കിന്റെ ബാക്കി പത്രവും കാണാനില്ല. ഇടപാടുകളില്‍ മാറ്റം വരുത്താന്‍ പിന്നീട് ജീവനക്കാര്‍ക്ക് കഴിയുന്നു തുടങ്ങി ക്രമക്കേടിന്റെ നിരവധി സാധ്യതകളാണ് കണ്ടല ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്.

ഇടപാടുകള്‍ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍മാര്‍ സമ്മതിച്ചിട്ടുണ്ടെന്നും സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വേണ്ടത്ര സുരക്ഷയില്ലാത്ത സോഫ്റ്റ് വെയര്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നത്. ക്രമക്കേടുകള്‍ നടത്താന്‍ സഹായകമാകുന്ന തരത്തിലാണ് കമ്പ്യൂട്ടര്‍വല്‍കരണമെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

101 കോടിയുടെ ക്രമക്കേടാണ് സഹകരണ സംഘം കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവ് എന്‍ ഭാസുരാംഗന്‍ പ്രസിഡണ്ടായ തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ ഒരൊറ്റ പ്രമാണം വെച്ച് നിരവധി വായ്പകള്‍ എടുത്തതിന്റെ തെളിവുകള്‍ നേരത്തെ  പുറത്തുവിട്ടിരുന്നു.

ഭാസുരാംഗന്‍ എട്ട് വര്‍ഷത്തിനിടെ പല തവണയായി 3 കോടി 20 ലക്ഷം രൂപ വായ്പ എടുത്തത് 14 സെന്റ് വസ്തുവിന്റെ ഒരൊറ്റ ആധാരം ഈട് വെച്ചായിരുന്നു. ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്തിന്റെ പേരില്‍ എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ട് തവണയായി ഒരു കോടി രൂപയാണ് കണ്ടല ബാങ്കില്‍ നിന്ന് വായ്പ എടുത്തത്.

എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ അടുത്ത വായ്പ അതേ ആധാരത്തില്‍ ഗഹാന്‍ ചെയ്ത് നല്‍കാന്‍ മാറനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലും ഒരു തടസ്സവുമുണ്ടായില്ല. ഗഹാന്‍ പതിച്ച് കൊടുക്കുക മാത്രമാണ് ചുമതലയെന്നാണ് സബ് രജിസ്ട്രാറുടെ പക്ഷം. ഭാസുരാംഗന്റെ വസ്തുവിന്റെ ബാധ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം അന്വേഷണം തുടരുകയാണ്.

webdesk13: