X

കാനത്തിന്റെ മര്‍കസ് നോളഡ്ജ് സിറ്റി സന്ദര്‍ശനം വിവാദത്തില്‍

കോഴിക്കോട്: തോട്ടംഭൂമി തരംമാറ്റിയെന്ന പരാതിയില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണം നടക്കുന്ന സ്ഥലത്ത് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറി സന്ദര്‍ശനം നടത്തിയത് വിവാദമാകുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍ക്കസിനുവേണ്ടി കൈതപ്പൊയിലില്‍ നിര്‍മാണം പുരോഗമിക്കുന്ന നോളഡ്ജ് സിറ്റിയില്‍ കാനം രാജേന്ദ്രന്‍ നടത്തിയ സന്ദര്‍ശനമാണ് സിപിഐയ്ക്കുള്ളില്‍ പ്രതിഷേധത്തിനിടയാക്കിയത്. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെയാണ് കാനം തിടുക്കപ്പെട്ട് നോളഡ്ജ് സിറ്റി സന്ദര്‍ശിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ നടപടി ജില്ലയിലെ സി.പി.ഐയിലും അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

പരിപാടികള്‍ മാറ്റിവെച്ച് കാനം എത്തിയത് റവന്യൂ വകുപ്പില്‍ ഇടപെടാനും വിവാദ ഭൂമിയ്ക്ക് സഹായം നല്‍കാനുമാണെന്ന ആക്ഷേപമാണ് സിപിഐയില്‍ തന്നെ ഉയരുന്നത്. നോളഡ്ജ് സിറ്റി നിര്‍മാണത്തിനായി തോട്ടഭൂമി തരംമാറ്റിയെന്ന ആരോപണത്തില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടു ദിവസത്തെ പരിപാടികള്‍ക്കായി കോഴിക്കോട്ടെത്തിയ കാനം വെള്ളിയാഴ്ച രാവിലെ സിപിഐ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു വിവരം. യോഗത്തിനായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരിയും സി എന്‍ ചന്ദ്രനുമെത്തി. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതെ കാനം നേരെ പോയത് നോളഡ്ജ് സിറ്റിയിലേക്കാണ്. നോളഡ്ജ് സിറ്റിക്കായി തോട്ടഭൂമി തരം മാറ്റിയതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനിടെ കാനം ഇവിടെ സന്ദര്‍ശിക്കുന്നതില്‍ സിപിഐ പ്രാദേശിക ഘടങ്ങള്‍ എതിര്‍പ്പറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് നേരത്തെ കാനത്തോട് ചോദിച്ചപ്പോള്‍ സന്ദര്‍ശന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തത്കാലം പോകുന്നില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ നോളഡ്ജ് സിറ്റി അധികൃതര്‍ അയച്ച കാറില്‍ കയറി കാനം ചടങ്ങിനെത്തി.

മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിലെ അവാര്‍ഡ് ദാന ചടങ്ങിലാണ് കാനം പങ്കെടുത്തത്. ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ നോളഡ്ജ് സിറ്റി അധികൃതര്‍ പരിപാടിയില്‍ കാനം പ്രസംഗിക്കുന്നതിന്റെ ചിത്രമടക്കം വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കി. തിരികെയെത്തിയ കാനം തിരുവനന്തപുരത്തേക്ക് മടങ്ങി. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുള്ള പ്രധാനയോഗം ഒഴിവാക്കി, റവന്യൂ വകുപ്പിന്റെ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സന്ദര്‍ശനം നടത്തിയതില്‍ ജില്ലാ നേതൃത്വമുള്‍പ്പെടെ കടുത്ത അമര്‍ഷത്തിലാണ്.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തരം മാറ്റിയാണ് നോളജ് സിറ്റിയുടെ ഗണ്യമായ ഭാഗങ്ങളും നിര്‍മിച്ചതെന്ന റിപ്പോര്‍ട്ടാണ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നത്. 1964ലെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരമാണ് തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയത്. തോട്ടം ഭൂമി മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കരുത് എന്നാണ് നിയമം.

Test User: