പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെടിയുണ്ട കൊണ്ട്് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണെന്നും കാനം പറഞ്ഞു. സംഭവം നടുക്കമുളവാക്കുന്നതാണ്. ഭരണകൂടം രാഷ്ട്രീയ പ്രവര്‍ത്തകരെ ഉന്‍മൂലനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും പൊലീസ് തന്നെ വിധി നടപ്പാക്കുന്നത് പ്രാകൃതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വയം രക്ഷക്കു വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ പൂര്‍ണമായും തള്ളിയാണ് കാനത്തിന്റെ പ്രസ്താവന. മരിച്ച മാവോവാദി മണിവാസകം രോഗാതുരനായി നടക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവസ്ഥലത്തിന്റെ അര കിലോമീറ്റര്‍ ദൂരപരിധിയില്‍ ആദിവാസി ഊരുകളുണ്ട്. മാവോവാദികള്‍ അവിടെ ഒരു ടെന്റിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ പൊലീസ് തൊട്ടടുത്തു നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും കാനം പറഞ്ഞു.
മവോയിസ്റ്റുകള്‍ക്ക് നേരെ നടന്ന വെടിവെപ്പ് പ്രതിഷേധാര്‍ഹമാണെന്നും അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണണമെന്നും കാനം വ്യക്തമാക്കി.