തിരുവനന്തപുരം: കെ.ടി ജലീല്‍ ഇഡി ഓഫിസില്‍ ഒളിച്ചുപോയത് ശരിയായില്ലെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേറ്റ് കാറില്‍ത്തന്നെ ചോദ്യംചെയ്യലിന് പോകണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നത്.
എന്നാല്‍ മന്ത്രി ജലീല്‍ നടത്തിയത് വിവേകപൂര്‍ണമായ നടപടിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായിരുന്നു മന്ത്രിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.ചോദ്യംചെയ്യലിനായി മന്ത്രി ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്നും കാനം പറഞ്ഞു. എന്നാല്‍ കാനത്തെ തള്ളി കെ.ടി.ജലീലിനെ ശരിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
സിപിഐ നിര്‍വ്വാഹക സമിതി യോഗത്തില്‍ മന്ത്രിക്കെതിരെ കടുത്തവിമര്‍ശനമുയര്‍ന്നിരുന്നു. എന്‍.ഐ.എ ചോദ്യം ചെയ്യലിന് പുലര്‍ച്ചെ പോയതിലും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വ്യവസായിയുടെ കാറില്‍ യാത്ര ചെയ്തതിനുമാണ് വിമര്‍ശനം.
വ്യവസായിയുടെ കാറില്‍ മന്ത്രി ചോദ്യം ചെയ്യലിന് പോയത് നാണക്കേടുണ്ടാക്കി. പുലര്‍ച്ചെ ചോദ്യം ചെയ്യലിന് പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളില്‍ മന്ത്രി എന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ലെന്നും സിപിഐ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള മനസ് ജലീലിന് ഉണ്ടാകണമായിരുന്നുവെന്ന നിലപാടും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.