തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. .ദേശാഭിമാനിയുടെ പപ്പു പരാമര്‍ശം മാന്യതക്ക് നിരക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശവും ഒഴിവാക്കേണ്ടതായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ രീതിയാണെന്നും വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ മാന്യമായിരിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്റെ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുമ്പോള്‍ കുറച്ചു കൂടി നിയന്ത്രണം ആവശ്യമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെയുള്ള പരാതി ഐജി അന്വേഷിക്കും. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ റേഞ്ച് ഐജിക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. നേരത്തെ, കോഴിക്കോട്ടെ പ്രസംഗത്തിലും രമ്യ ഹരിദാസനെ വിജയരാഘവന്‍ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു.
സംഭവത്തില്‍ കേസെടുക്കണമെന്നാണ് ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിജയരാഘവനെതിരെ രമ്യ ഹരിദാസ് ആലത്തൂര്‍ ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് മുനീര്‍ മാറഞ്ചേരിയും വിജയരാഘവനെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ രമ്യയുടെ മൊഴി രേഖപ്പെടുത്തി.