തിരുവനന്തപുരം: പ്രകാശ് കാരാട്ടിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. പ്രതിപക്ഷത്തിന്റെയല്ല, ഇടതുപക്ഷത്തിന്റെ നിലപാടാണ് സി.പി.ഐയുടേതെന്ന് കാനം പറഞ്ഞു. നേരത്തെ സി.പി.ഐ പ്രതിപക്ഷമാവുകയാണെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കാരാട്ടിന് കാനം മറുപടി കൊടുത്തത്. അടുത്തിടെ സി.പി.എമ്മില്‍ നിന്നുണ്ടായ എല്ലാ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം എണ്ണിയെണ്ണി മറുപടി നല്‍കി.
സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കാനം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യാം. തിയ്യതി അറിയിച്ചാല്‍ മതി. ഇതൊരു പുതിയ കാര്യമല്ല. നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ നിലപാടല്ല സി.പി.ഐക്ക് എന്ന് മനസ്സിലാക്കാന്‍ കഴിയുമെന്ന് നിലമ്പൂര്‍ വിഷയവും വിവരാവകാശ നിയമവും സൂചിപ്പിച്ച് കാനം പറഞ്ഞു. മൂന്നാറില്‍ സി.പി.ഐക്കും സി.പി.എമ്മിനും ഒരേ നിലപാടാണ്. മുഖ്യമന്ത്രി നിയമസഭയില്‍ എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ ഒരിക്കലും യു.എ.പി.എ നിയമം നടപ്പിലാക്കരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ തീരുമാനങ്ങള്‍ രഹസ്യമാക്കുന്നതിനോടും യോജിക്കാനാവില്ല. ഇത് ഇടതുപക്ഷപ്രകടനപത്രികക്ക് വിരുദ്ധമാണ്. മഹിജയുടെ സമരം തീര്‍ക്കാന്‍ താന്‍ ഇടപെട്ടെന്ന് പറഞ്ഞിട്ടില്ല. നേരത്തെ കാനം ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സമരം തീര്‍ക്കുന്നതില്‍ ഇടപെട്ടിട്ടില്ലെന്ന് കാനം വ്യക്തമാക്കിയത്. ജയരാജന്‍ വലിയ ആളാണെന്നായിരുന്നു ജയരാജന്റേയും എം.എം മണിയുടേയും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. ഇടതുമുന്നണിക്ക് ജയരാജന്‍ നല്‍കിയ സംഭാവനകള്‍ വിലയിരുത്താനാവില്ലെന്നായിരുന്നു ജയരാജന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള കാനത്തിന്റെ പരിഹാസം. വിവാദങ്ങള്‍ ഒഴിവാക്കേണ്ടവരാണ് വിവാദങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസിന്റെ ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവ വരുന്നതിനെക്കുറിച്ചും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സിറാജുന്നീസയേയും കരുണാകരനേയും ഓര്‍മ്മവരുന്നുവെന്നാണ് കാനം പറഞ്ഞത്. ഒരു വര്‍ഷമല്ലേ ആയിട്ടുള്ളൂ, നാലുവര്‍ഷമുണ്ടല്ലോ ശരിയാവുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.